തിരുവനന്തപുരം: ശബരിമല കർമ്മസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ കെ.എസ്.ആർ.ടിസിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് എം.ഡി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. ഹർത്താൽ ആഹ്വാനം ചെയ്ത പിറ്റേ ദിവസം ഏകദേശം 57 ബസുകളാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. ഗൾഫ് യാത്രക്കാരുമായി വിമാനത്താവളത്തിലേക്ക് പോയിക്കൊണ്ടിരുന്ന ചിൽ എ.സി ബസുകൾ കോഴിക്കോടും നെടുമ്പാശേരിയിലും കല്ലെറിഞ്ഞ് തകർത്തെന്നും തച്ചങ്കരി അറിയിച്ചു.
നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ത് നേട്ടമാണ് ഹർത്താൽ അനുകൂലികൾക്ക് ലഭിക്കുക. പാൽ, പത്രം, എന്നീ അവശ്യസൗകര്യങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയതുപോലെ കെ.എസ്.ആർ.ടി.സിയെയും ഒഴിവാക്കണമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അത് എത്രയും പെട്ടെന്ന് പരിഗണിക്കപ്പെടണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം ഈ നാടിന്റെയും ജനങ്ങളുടെയും നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.