ayyappa-temple

ന്യൂയോർക്ക്: ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ കരളിൽ തീ കോരിയിട്ടുകൊണ്ട്, കമ്മ്യുണിസ്റ്റ് സർക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടുകൂടി രണ്ടു യുവതികൾ ശബരിമല നട ചവിട്ടുകയും അയ്യപ്പ ദർശനം നടത്തുകയും ചെയ്തിരിക്കുന്നു. കോടതി വിധി മാനിക്കാനെന്ന വ്യാജേന ഹിന്ദുമത വിശ്വാസികളെ ഭിന്നിപ്പിക്കാനും അവഹേളിക്കാനും അപമാനിക്കുവാനുമുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വർഗീയ മതിലും അതിനുവേണ്ടി ചെലവാക്കിയ കോടികളും പാവപ്പെട്ടവരുടെ കൈയ്യിൽ നിന്നും കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി പിരിച്ചെടുത്ത തുകയിൽ നിന്നാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസമെന്ന് എൻ.എസ്.എസ് ഓഫ് നോർത്ത് അമേരിക്ക ആരോപിച്ചു. ഭക്തജനങ്ങളുടെ ശ്രദ്ധ മുഴുവൻ ഈ വർഗീയ മതിലിൽ ആയിരുന്നപ്പോൾ ഇരുട്ടിന്റെ മറവിൽ പോലീസിന്റെ സഹായത്തോടെ സർക്കാർ അവിശ്വാസികളായ രണ്ടു യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് ക്ഷേത്രവിശ്വാസം കളങ്കപ്പെടുത്തിയതിൽ എൻ.എസ്.എസ് ഓഫ് നോർത്ത് അമേരിക്കയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

ഹിന്ദുമത വിശ്വാസികളെ ജാതിയും മതവും പറഞ്ഞ് വിഭജിച്ച് ഭരിക്കുന്ന ഈ കമ്മ്യുണിസ്റ്റ് തന്ത്രം വിലപ്പോവില്ല എന്നു കൂടി ഓർമ്മിപ്പിക്കുന്നു എന്ന് പ്രസിഡന്റ് സുനിൽ നായർ പറഞ്ഞു. നാട്ടിൽ സമാധാനം കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ട സർക്കാർ തന്നെ ജനങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എൻ.എസ്.എസ്.ഓഫ് നോർത്ത് അമേരിക്കയുടെ ഭാരവാഹികളായ പ്രസിഡന്റ് സുനിൽ നായർ, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ഹരിലാൽ നായർ, സിനു നായർ, മോഹൻ കുന്നംകളത്ത്, ബീന നായർ, നാരായൺ നായർ, പ്രസാദ് പിള്ള, സുരേഷ് നായർ, അപ്പുക്കുട്ടൻ പിള്ള, അരവിന്ദ് പിള്ള, ജയകുമാർ പിള്ള, ജയൻ മുളങ്ങാട്, കിരൺ പിള്ള, മനോജ് പിള്ള, എം.എൻ.സി. നായർ, പ്രദീപ് പിള്ള, സന്തോഷ് നായർ, ഡോ. ശ്രീകുമാരി നായർ, സുരേഷ് അച്ചുതൻ നായർ, ഉണ്ണികൃഷ്ണൻ നായർ, വിമൽ നായർ, ജയപ്രകാശ് നായർ, സുരേഷ് പണിക്കർ, ബാല മേനോൻ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.