ന്യൂയോർക്ക്: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമേരിക്കയുടെയും കാനഡയുടെയും അതിഭദ്രാസനത്തിന്റെ നവശിൽപ്പിയും അധിപനും കർമ്മമണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായ അഭി യൽദോ മോർ തീത്തോസ് തിരുമേനിയുടെ പതിനഞ്ചാമത് സ്ഥാനാരോഹണ വാർഷികം ഏറ്റവും സമുചിതമായി ആചരിക്കുന്നതിന് ഭദ്രാസന കൗൺസിൽ തീരുമാനിച്ചു.
2019 ജനുവരി 5നു ന്യൂജേഴ്സിയിൽ പരാമസിലുള്ള മോർ അഫ്രേം സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികളോടനുബന്ധിച്ച് സ്ഥാനാരോഹണ വാർഷികവും നടത്തുന്നതു സംബന്ധിച്ച ക്രമീകരണങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുന്നുവെന്ന് ഭദ്രാസന സെക്രട്ടറി റവ. ഡോ. ജെറി ജേക്കബ് അറിയിച്ചു. 2004 ജനുവരി നാലാം തീയതിയാണ് അഭി തിരുമേനി വാഴിക്കപ്പെട്ടതും ഈ ഭദ്രാസനത്തിന്റെ ചുമതലയേൽക്കുന്നതും.
വി. സഭയ്ക്ക് ചിരസ്മരണാർഹനായ പുണ്യപ്പെട്ട പിതാവ്, ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാൽ എല്ലാ ആത്മീയാചാര്യ സ്ഥാനങ്ങളും നൽകി അനുഗ്രഹിക്കപ്പെട്ട അഭി. തീത്തോസ് മെത്രാപ്പോലീത്തായുടെ വരുംകാലങ്ങളിലെ എല്ലാ ശ്രേഷ്ഠാചാര്യ ശുശ്രൂഷകൾക്ക് പ്രാർത്ഥനയോടെ മലങ്കര സുറിയാനി സഭാംഗങ്ങൾ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ. സുനിൽ മഞ്ഞിനിക്കര അറിയിച്ചതാണിത്.