port
PORT

കൊച്ചി: ചരക്കുനീക്കത്തിൽ നടപ്പു സാമ്പത്തിക വർഷം കൊച്ചി തുറമുഖം പ്രതീക്ഷിക്കുന്നത് റെക്കാഡ് നേട്ടം. നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ 8.9 ശതമാനം വർദ്ധനയോടെ മൊത്തം 23.29 മില്യൺ മെട്രിക് ടൺ ചരക്കാണ് കൊച്ചി വഴി കടന്നുപോയത്. കഴിഞ്ഞ വർഷത്തെ സമാന കാലയളവിൽ ഇത് 21.38 മില്യൺ മെട്രിക് ടൺ ആയിരുന്നു. മൊത്തം കണ്ടെയ്‌നർ നീക്കം 4.08 ലക്ഷം ടി.ഇ.യുവിൽ നിന്ന് 4.6 ശതമാനം ഉയർന്ന് 4.3 ലക്ഷം ടി.ഇ.യു ആയിട്ടുണ്ട്.

ജനുവരി-മാർച്ച് ത്രൈമാസം കൂടി ശേഷിക്കേ നടപ്പുവർഷം ആറുലക്ഷം ടി.ഇ.യുവിനുമേൽ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി തുറമുഖ ട്രസ്‌റ്ര് ട്രാഫിക് വിഭാഗം അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു. മൊത്തം ചരക്കുനീക്കം 32 ലക്ഷം ടി.ഇ.യു കവിയുമെന്നും കരുതുന്നു. 2017-18ൽ 5.56 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളും 29.14 മില്യൺ മെട്രിക് ടൺ ചരക്കുമാണ് കൊച്ചി തുറമുഖം കൈകാര്യം ചെയ്‌തത്.

പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രികന്റ്‌സ് (പി.ഒ.എൽ) നീക്കത്തിലാണ് കൊച്ചി തുറമുഖം ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തുന്നത്. ഈ വർഷം ഏപ്രിൽ-ഡിസംബറിൽ ഇത് 12.6 ശതമാനം ഉയർന്ന് 16.43 മില്യൺ ടണ്ണിലെത്തി. 2017ലെ സമാനകാലത്ത് ഇത് 14.66 മില്യൺ ടണ്ണായിരുന്നു. 12.6 ശതമാനമാണ് ഇത്തവണ വളർച്ച. കഴിഞ്ഞവർഷം ആകെ ഈയിനത്തിൽ കൊച്ചി കൈകാര്യം ചെയ്‌തത് 18.66 മില്യൺ ടണ്ണാണ്.