തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ, സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും പൊതു, സ്വകാര്യ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് തേടി.
അടിയന്തര പ്രാധാന്യത്തോടെ ക്രമസമാധാന റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഗവർണർ ട്വിറ്ററിൽ കുറിച്ചു. ശാന്തിയും സമാധാനവും നിലനിറുത്താൻ എല്ലാ വിഭാഗം ജനങ്ങളോടും ഗവർണർ അഭ്യർത്ഥിച്ചു.
ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചതിനെതിരെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി സി ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായി. സി.പി.എം. ബി.ജെ.പി ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇന്നലെ രാത്രി ഇടുക്കി, എറണാകുളം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികളെ കരുതൽ തടങ്കലായി കസ്റ്രഡിയിൽ എടുത്തിരുന്നു.
പന്തളത്ത് ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്ന ശബരിമല കർമ്മ സമിതി പ്രവർത്തകൻ സി.പി.എം ഓഫീസിൽ നിന്നുണ്ടായ കല്ലെറിൽ കൊല്ലപ്പെട്ടിരുന്നു. പന്തളത്ത് അഞ്ച് സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി.
ഇന്നലെ മുഴുവൻ സംഘർഷഭരിതമായിരുന്ന തലസ്ഥാനത്ത് ഇന്നും സംഘർഷമുണ്ടായി. ബി.ജെ.പി പ്രവർത്തകരുടെ മാർച്ചിനിടെ മാദ്ധ്യമങ്ങൾക്ക് നേരെയും വ്യാപകമായി ആക്രമണം നടന്നു. പാലക്കാട് സി.പി.ഐ ഒാഫിസിനു മുൻപിൽ നിർത്തിയിട്ട 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകർത്തു.
മലപ്പുറം ജില്ലയിലെ തവനൂരിലും എറണാകുളത്തും സി.പി.എം ഓഫീസുകൾ ആക്രമിക്കപ്പെട്ടു.
Sought from Chief Minister @CMOKerala an urgent Law and Order report on the incidents of violence and destruction of private & public property in Kerala following entry of two young women in #Sabarimala temple.
— Kerala Governor (@KeralaGovernor) January 3, 2019
I appeal to all sections of people to maintain calm & peace