ലക്‌നൗ: ബുലന്ദ്ഷഹർ ഗോവധ കലാപത്തിലെ മുഖ്യപ്രതി, ബജ്റംഗ്‌ദൾ പ്രവർത്തകൻ യോഗേഷ് രാജിനെ അറസ്റ്രുചെയ്തു. ഖുർജ- ബുലന്ദ്ഷഹർ ബൈപാസിലെ ബ്രഹ്‌മാനന്ദ് കോളേജിന് സമീപത്തുവച്ച് ബുധനാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്രുചെയ്തത്. ഡിസംബർ 3 ന് നടന്ന ആക്രമങ്ങൾക്കും കലാപത്തിനും ശേഷം ഒളിവിൽ പോയ ഇയാൾ 30 ദിവസമായി ഒളിവിലായിരുന്നു. ബജ്റംഗ്‌ദളിന്റെ ബുലന്ദ്ഷഹർ ജില്ലാ കൺവീനറാണ് ഇയാൾ. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഗോവധം ആരോപിച്ച് പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാറിനെ വെടിവച്ച് കൊന്ന സംഭവത്തിൽ എഴുപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കീഴങ്ങാത്ത പക്ഷം പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അറിയിപ്പുണ്ടായിരുന്നു. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ യോഗേഷ് രാജാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ ബജ്‌റംഗ് ദൾ ഇടപെട്ട് ഇയാളെ പൊലീസിനു കൈമാറുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഒളിവിൽ നിന്ന് ഇയാൾ സാമൂഹിക മാദ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ യോഗേഷിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല.