തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിൽ ബി.ജെ.പി നടത്തുന്ന അക്രമങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ശബരിമലയിൽ സ്ത്രീകൾ കയറിയതോടെ ബി.ജെ.പി നേതൃത്വം ഇളിഭ്യരും പരിഭ്രാന്തരുമായെന്ന് കോടിയേരി പരിഹസിച്ചു. ഈ ജാള്യത മറയ്ക്കാനാണ് കേരളത്തിനെ അക്രമത്തിലേക്കും അരാചകത്വത്തിലേക്കും കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹർത്താലിൽ അക്രമങ്ങൾ ഉണ്ടായിട്ട് പോലും വിവിധ ഇടങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചിട്ടുണ്ട്. ജോലി ചെയ്യാനുള്ള സന്നദ്ധത ജനം പ്രകടിപ്പിച്ചു. ഇത് ബി.ജെ.പിക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന സന്ദേശമാണ്. ഇതിൽ നിന്ന് ബി.ജെ.പി പാഠം ഉൾക്കൊള്ളണം. ക്രമസമാധാനം പാലിക്കാൻ നിയോഗിക്കപ്പെട്ട പോലീസുകാരെ ആക്രമിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
ശബരിമലയിൽ യുവതികളെ കയറ്റാനാകില്ലെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. അതിന് വേണ്ടി കഴിഞ്ഞ മൂന്ന് മാസക്കാലം അവർ സമരത്തിലായിരുന്നു. കണ്ണിലെണ്ണയൊഴിച്ച് ശബരിമലയിൽ കയറുന്നുണ്ടോ എന്നവർ നിരീക്ഷിച്ചു. എന്നിട്ട് പോലും ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ആർ.എസ്.എസ് നടത്തുന്ന പ്രഖ്യാപനങ്ങളൊന്നും കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ല എന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.