ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ പാലിക്കേണ്ട മൂലധന പര്യാപ്‌തതാ ചട്ടത്തിൽ ഇളവ് വരുത്തുന്നത് പരിഗണിക്കണമെന്ന് റിസർവ് ബാങ്കിനോട് പാർലമെന്ററി പാനൽ ആവശ്യപ്പെട്ടു. നിലവിലെ മൂലധന പര്യാപ്‌തതാ അനുപാത ചട്ടം അപ്രായോഗികവും അനാവശ്യവുമാണെന്ന് പാനൽ അഭിപ്രായപ്പെട്ടു.
വാണിജ്യ ബാങ്കുകൾ നിലവിൽ പാലിക്കേണ്ട കാപ്പിറ്റൽ ടു റിസ്‌ക് വെയിറ്റഡ് അസറ്ര് റേഷ്യോ (സി.ആർ.എ.ആർ) ഒമ്പതു ശതമാനമാണ്. എന്നാൽ, ആഗോള തലത്തിൽ ഇത് എട്ട് ശതമാനം മാത്രമാണ്. ഇന്ത്യയിലും ചട്ടം ആഗോള പരിധിക്ക് തുല്യമാക്കിയാൽ പൊതു വിപണിയിലേക്ക് 5.34 ലക്ഷം കോടി രൂപ അധികമായി ഒഴുക്കാൻ ബാങ്കുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഇത്, വായ്‌പാ വിതരണത്തിൽ കൂടുതൽ വളർച്ചയ്ക്ക് സഹായകമാകും. എന്നാൽ, മൂലധന ചട്ടം കൊണ്ടുവന്നത് ബാങ്കുകളുടെ സാമ്പത്തികസ്ഥിതി അടിസ്ഥാനമാക്കിയാണെന്നും അതിൽ മാറ്റം വരുത്തേണ്ടതില്ലെന്നും അടുത്തിടെ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.