gulf-news

അബുദാബി: പ്രവാസികൾക്ക് 10 വർഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാൻ യു.എ.ഇ നടപടി തുടങ്ങി. ഈ വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങും. നിക്ഷേപകർ, സംരംഭകർ, ഗവേഷകർ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് ദീർഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്.

2018 മേയിലാണ് യു.എ.ഇ കാബിനറ്റ് ഇത്തരം വിസകൾ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വിവിധ രംഗങ്ങളിലെ വിദഗ്ദ്ധർക്കും സംരംഭകർക്കും വിദ്യാർത്ഥികൾക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നൽകുകയാണ് യു.എ.ഇയുടെ ലക്ഷ്യം.

50 ലക്ഷം ദിർഹമോ അതിന് മുകളിലോ നിക്ഷേപമുള്ളവർക്ക് അഞ്ചു വർഷം കാലാവധിയുള്ള താമസ വിസ നൽകും. വിവിധ മേഖലകളിൽ ഒരു കോടി ദിർഹത്തിനു മുകളിൽ നിക്ഷേപമുള്ളവർക്കാണ് പത്ത് വർഷത്തേക്കുള്ള വിസ ലഭിക്കുക. പ്രശസ്ത കമ്പനികളുടെ ഉടമകൾക്കും ഇങ്ങനെ ബിസിനസ് പങ്കാളിത്തമുള്ളവർക്കും ഇങ്ങനെ വിസ ലഭിക്കും. അഞ്ച് ലക്ഷം ദിർഹത്തിന്റെയെങ്കിലും സംരംഭങ്ങൾ രാജ്യത്തുള്ളവർക്കും അഞ്ച് വർഷത്തേക്കുള്ള വിസ ലഭിക്കും.