k-surendran

തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ വാ‌ർത്താസമ്മേളനങ്ങൾ ബഹിഷ്കരിക്കണമെന്ന കേരള പത്രപ്രവർത്തക യൂണിയന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. ഹർത്താൽ അക്രമം റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതിനാൽ കേരള പത്രപ്രവർത്തക യൂണിയൻ ബി.ജെ.പി നേതാക്കളുടെ വാ‌ർത്താസമ്മേളനങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുന്നത്.

കോഴിക്കോട്‌ ഒരു വാർത്താസമ്മേളനം വിളിച്ചിരുന്നു. ജനം ടി.വി, ജീവൻ ടി.വി, മംഗളം ചാനൽ, അമൃത ടി.വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാർത്താസമ്മേളനത്തിന് വന്നത്. സമാനമായ രീതിയിൽ തിരുവനന്തപുരത്തും ഉണ്ടായി. പിന്നാടാണ് മാദ്ധ്യമ ബഹിഷ്കരിക്കണത്തെക്കുറിച്ച് അറിയുന്നത്. വാ‌ർത്താസമ്മേളനങ്ങൾ ബഹിഷ്കരിക്കണ യൂണിയന്റെ തീരുമാനം സി.പി.എം ഫ്രാക്ഷന്റെ സമ്മർദ്ദമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പി. ജയരാജൻ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ ആക്രമിച്ചപ്പോഴും പിണറായി വിജയൻ കടക്കെടാ പുറത്ത് എന്നു പറഞ്ഞ് മാദ്ധ്യമപ്രവർത്തകരെ ആട്ടിയപ്പോഴും കാണാത്ത മാദ്ധ്യമ ബഹിഷ്ക്കരണം ഇപ്പോൾ ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.