കൊച്ചി: പുതുവർഷത്തിലെ ആദ്യദിനത്തിൽ നേരിയ നേട്ടം കൊയ്‌ത ഇന്ത്യൻ ഓഹരികൾ തുടർന്നുള്ള രണ്ടുദിനങ്ങളിലും കുറിച്ചത് വൻ നഷ്‌ടം. ഇന്നലെ 377 പോയിന്റിടിഞ്ഞ് സെൻസെക്‌സ് 35,513ലും നിഫ്‌റ്റി 120 പോയിന്റ് താഴ്‌ന്ന് 10,672ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്‌ച സെൻസെക്‌സ് 363 പോയിന്റും നിഫ്‌റ്റി 117 പോയിന്റും ഇടിഞ്ഞിരുന്നു. രണ്ടുദിവസത്തെ ഇടിവ് സെൻസെക്‌സിലെ നിക്ഷേപകർക്കുണ്ടാക്കിയ നഷ്‌ടം 2.66 ലക്ഷം കോടി രൂപയാണ്.
ജനുവരി ഒന്നിന് സെൻസെക്‌സിലെ നിക്ഷേപകരുടെ മൊത്തം മൂല്യം 144.8 ലക്ഷം കോടി രൂപയായിരുന്നത് ഇന്നലെ 142.2 ലക്ഷം കോടി രൂപയിലേക്കെത്തി. ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്നുയർന്ന വെല്ലുവിളികളാണ് ഇന്ത്യൻ ഓഹരികൾക്ക് തിരിച്ചടിയാകുന്നത്. ക്രൂഡോയിൽ വില നേരിയ തോതിൽ ഉയർന്നത് നിക്ഷേപകരെ ആശങ്കയിലേക്ക് നയിച്ചു. ചൈനയിലെ വില്‌പന പ്രതിസന്ധി ഈവർഷം വൻ വരുമാന നഷ്‌ടമുണ്ടാക്കുമെന്ന, ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ വിലയിരുത്തലും നിക്ഷേപക ലോകത്തെ അലോസരപ്പെടുത്തുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കവും ഓഹരി വിപണിക്ക് തിരിച്ചടിയാണ്. ഇപ്പോൾ 'ജനപ്രിയ" പദ്ധതികളിലേക്ക് കടക്കുന്നത് സർക്കാരിന്റെ സമ്പദ്‌സ്ഥിതിയെ കൂടുതൽ വഷളാക്കുമെന്നതാണ് കാരണം. വാഹന നിർമ്മാണ കമ്പനികളുടെ ഡിസംബറിലെ സമ്മിശ്ര വില്‌പന കണക്കുകൾ, ടി.സി.എസ്., ഇൻഫോസിസ് എന്നീ മുൻനിര ഐ.ടി കമ്പനികളുടെ മൂന്നാംപാദ പ്രവർത്തനഫലം ഉടൻ പുറത്തുവരുമെന്ന സൂചന എന്നിവയും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.
ക്രൂഡോയിൽ വില ബാരലിന് ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55 ഡോളറിനുമേൽ എത്തിയത് രൂപയ്ക്ക് തിരിച്ചടിയായി. ഡോളറിന് ഡിമാൻഡേറിയതോടെ രൂപ ഇന്നലെ മൂന്ന് പൈസയുടെ നഷ്‌ടം കുറിച്ചിട്ടു. വ്യാപാരന്ത്യം ഡോളറിനെതിരെ 70.19ലാണ് രൂപയുള്ളത്.