തിരുവനന്തപുരം: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപകമായി നടന്ന അക്രമം സ്വാഭാവിക ജനരോഷമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ആചാരം ലംഘിച്ച് പരിപാവനമായ ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോൾ ഉണ്ടായ സ്വാഭാവിക ജനരോഷമാണ് ഇന്ന് സംസ്ഥാനത്ത് കണ്ടതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
ഈ ജനരോഷത്തിനിടെ ചില സാമൂഹ്യവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറി രാഷ്ട്രീയ ദുരുദ്ദേശത്തോടെ അഴിച്ചുവിട്ട അക്രമത്തിന്റെ ഉത്തരവാദിത്വം ബി.ജെ.പിയിൽ അടിച്ചേൽപ്പിക്കുന്നത് ആരോഗ്യകരമല്ലെന്നും ശ്രീധരൻപിള്ള വിശദമാക്കി.
പലയിടങ്ങളിലും സംഘടിതരായി എത്തിയ സി.പി.എം പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ഇന്നലെയും ഇന്നും സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത് അതാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. സംഘർഷത്തിൽ ചില മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു എന്നത് സങ്കടകരമാണ്. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും, ശ്രമവും എല്ലാഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ശ്രീധരന്‍ പിള്ള വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.
ബി.ജെ.പിയെ ബഹിഷ്‌കരിക്കാനുള്ള ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകരുടെ തീരുമാനം നിർഭാഗ്യകരമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.