cash

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെ അച്ചടി നിറുത്തിയെന്ന് സൂചന. കഴിഞ്ഞദിവസം ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. പൂഴ്‌ത്തിവയ്‌പ്പിനും പണംതിരിമറിക്കും നികുതി വെട്ടിപ്പിനും രണ്ടായിരം രൂപയുടെ നോട്ട് വ്യാപകമായി ഉപയോഗിക്കുവെന്ന വിമർശനങ്ങളെ തുടർന്നാണ് അച്ചടി നിറുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് അറിയുന്നു.

2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയെന്ന് പ്രഖ്യാപിച്ചത്. തുടർന്നാണ്, 2000ന്റെ നോട്ട് അവതരിപ്പിച്ചത്. 2017 മാർച്ചിലെ കണക്കുപ്രകാരം ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യം 18.03 ലക്ഷം കോടി രൂപയാണ്. ഇതിൽ 37 ശതമാനം (6.73 ലക്ഷം കോടി രൂപ) 2000 രൂപാ നോട്ടുകളാണ്. പ്രചാരത്തിലുള്ള കറൻസികളിൽ 43 ശതമാനം 500 രൂപാ നോട്ടുകളാണ്; അതായത് 7.73 ലക്ഷം കോടി രൂപ.