ജലന്തർ : സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് 106–ാം എഡിഷന്റെ ഉദ്ഘാടനം ജലന്തറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
3600 കോടി രൂപയുടെ നാഷനൽ മിഷൻ ഓൺ ഇന്റർ ഡിസിപ്ലിനറി സൈബർ ഫിസിക്കൽ സിസ്റ്റത്തിന് സർക്കാർ അംഗീകാരം നൽകിയതായി അദ്ദേഹം അറിയിച്ചു. ശാസ്ത്ര സാങ്കേതിക ഗവേഷണം, നൈപുണ്യ വികസനം, രാജ്യാന്തര സഹകരണം, സ്റ്റാർട്ടപ് സംരംഭങ്ങൾ എല്ലാം ഇനി പുതിയ മിഷൻ ആയിരിക്കും ഏകോപിപ്പിക്കുക.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നൊബൽ സമ്മാന ജേതാക്കളുമായി മോദി ‘ചായ് പേയ് ചർച്ച’ നടത്തി. 60 രാജ്യങ്ങളിൽ നിന്നുള്ള കാൽ ലക്ഷത്തോളം പ്രതിനിധികളാണ് ശാസ്ത്രകോൺഗ്രസിൽ പങ്കെടുക്കുന്നത്.
കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രി ഡോ. ഹർഷ് വർദ്ധൻ, പഞ്ചാബ് ഗവർണർ വി.പി.എസ്. ബന്ദോർ, കേന്ദ്രമന്ത്രി വിജയ് സാംപ്ല, പഞ്ചാബ് വാണിജ്യ–വ്യവസായ മന്ത്രി ശ്യാം സുന്ദർ അറോറ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ ജനറൽ പ്രസിഡന്റ് മനോജ് കുമാർ ചക്രവർത്തി, ലവ്‌ലി പ്രഫഷനൽ സർവകലാശാല ചാൻസലർ അശോക് മിത്തൽ എന്നിവർ പ്രസംഗിച്ചു.