കൊച്ചി: ശബരിമല ദർശനവുമായി ബന്ധപ്പെട്ട പൊലീസ് സുരക്ഷയെക്കുറിച്ച് വെളിപ്പെടുത്തലുമായി ബിന്ദുവും കനകദുർഗയും. ശബരിമലയിൽ കയറിയതിന് പിന്നിൻ സർക്കാറല്ല, പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്നും ബിന്ദു പറഞ്ഞു. സന്നിധാനത്ത് നിന്നും മടങ്ങിയത് ശേഷം ഇരുവരും രഹസ്യകേന്ദ്രത്തിൽ വച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശബരിമല ദർശനം നടത്തിയത് ആരുടെയും നിർബന്ധപ്രകാരമല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമലയിലെത്തിയത്. പൊലീസ് ഞങ്ങളെ ഉപകരണമാക്കിയിട്ടില്ല, ഞങ്ങൾ അവരെയാണ് ഉപകരണമാക്കിയത്. ദർശനം നടത്താൻ പൊലീസ് പ്രേരിപ്പിച്ചിരുന്നു. രണ്ട് എസ്.പിമാർ പമ്പവരെ സുരക്ഷയൊരുക്കി. ഭക്തന്മാർക്കൊപ്പമാണ് ദർശനം നടത്തിയയത് എന്നാൽ അവർ എതിർത്തില്ലെന്നും ബിന്ദു വ്യക്തമാക്കി.
സന്നിധാനത്ത് നിന്ന് ഞങ്ങളുടെ യാത്ര ആംബുലൻസിൽ ആയിരുന്നില്ല. പമ്പയിൽ നിന്ന് നടന്നാണ് മല കയറിയത്. ശബതിമല ദർശനം നടത്താൻ വേണ്ടിയിട്ടുള്ള വനിതാകൂട്ടായ്മയുടെ ഭാഗമായിരുന്നു. മാവോയിസ്റ്റ് അനുഭാവ സംഘടനകളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു സംഘടനയിലും അംഗമല്ലെന്നും കനകദുർഗ പറഞ്ഞു.
പത്തനംതിട്ട സ്വദേശിയും തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറുമാണ് ബിന്ദു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുർഗ.