bihar-

പാട്ന: ബിഹാറിൽ കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മദ്ധ്വയസ്ക്കനെ തല്ലിക്കൊന്നു. 55കാരനായ കാബുള്‍ മിയാനാണ് കൊല്ലപ്പെട്ടത്. 300ഓളം വരുന്ന ജനക്കൂട്ടം ബിഹാറിലെ അരാരിയ ജില്ലയിൽവെച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കള്ളനെന്ന് ആക്രോശിച്ച് മിയാന്റെ മുഖത്തടിക്കുകയും വസ്ത്രങ്ങൾ ഊരിമാറ്റി വടി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നു.


ഡിസംബർ 29നാണ് കൊലപാതകം നടന്നത്. ഈ ദൃശ്യങ്ങൾ ഗ്രാമവാസികൾക്കിടയിൽ പ്രചരിപ്പിച്ചപ്പോഴാണ് പൊലീസ് സംഭവം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

മറ്റൊരാളുടെ കന്നുകാലികളെ മോഷ്ടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് മിയാൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. കൊല്ലപ്പെട്ടയാളും അക്രമികളും മുൻ പരിചയക്കാരാണെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച ബിഹാറിലെ നളന്ദയിൽ ആർ.ജെ.ഡി നേതാവിന്റെ മരണവുമായി ബന്ധപ്പെട്ട് 13കാരനെ അക്രമികൾ തല്ലിക്കൊന്നിരുന്നു.