കോഴിക്കോട്:ശബരിമലയിൽ അവിശ്വാസികളായ യുവതികളെ കയറ്റി ആചാരം ലംഘിച്ചതിന്റെയും പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താൻ എന്ന അയ്യപ്പഭക്തൻ കൊലചെയ്യപ്പെട്ടതിന്റെയും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും ആസൂത്രണവുമുണ്ടെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻ കുട്ടി മാസ്റ്റർ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതിന് മുമ്പ് ചന്ദ്രന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. മാവോയിസ്റ്റ് ബന്ധമുള്ളവരെ പൊലീസ് സംരക്ഷണയിൽ ശബരിമലയിലേക്ക് ഒളിച്ചുകടത്തിയതിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രവർത്തിച്ചത്. സി.പി.എമ്മിലെ വിശ്വാസികളായ സ്ത്രീകളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളത്തിലെ അസാധാരണ സാഹചര്യത്തിൽ ജനാധിപത്യ പ്രതിഷേധമായാണ് ശബരിമല കർമ്മസമിതി ഹർത്താൽ ആഹ്വാനം ചെയ്തത്.
ഇതിനെ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും സഹായത്തോടെ അടിച്ചമർത്താൻ നടത്തിയ നീക്കമാണ് സംഘർഷം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.