abudhabi-

അബുദാബി ∙ പുതുവർഷത്തിൽ അബുദാബി ബിഗ് ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പിലെ 1.5 കോടി ദിർഹം മലയാളിക്ക്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി ശരത് പുരുഷോത്തമനാണ് കോടിപതിയായ മലയാളി. 083733 നമ്പർ ടിക്കറ്റിലാണ് ശരതിന് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിലെ പത്തു വിജയികളിൽ ആറു മലയാളികളടക്കം എട്ടു പേരും ഇന്ത്യക്കാരാണ്.

മുപ്പത്തിനാലുകാരനായ ശരത് പതിനൊന്നു വ‌ർഷമായി ദുബായിൽ ജുബിലാലി ഫ്രീ സോണിലെ നാഫ്കേ കമ്പനിയിൽ ടെക്നീഷ്യൻ ആണ്. ഗ്രാമത്തുംമുക്ക് കണ്ണറമൂല വീട്ടിൽ പരേതനായ പുരുഷോത്തമന്റെയും ഗീതയുടെയും മകനാണ് ശരത്ത്.

എല്ലാ മാസവും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കും. നാട്ടിൽ നേരത്തേ ഓണം,​ വിഷു ലോട്ടറികളിൽ 5000 രൂപ വീതം അടിച്ചു. അതിലും വലിയ തുകയൊന്നും കിട്ടിയിട്ടില്ലെങ്കിലും ശരത് പരീക്ഷണം തുടർന്നു.

മകളുടെ നൂലുകെട്ടിന് ശരത് നാട്ടിലെത്തി മടങ്ങിയിട്ട് ആറു മാസം ആയതേയുള്ളൂ. ഗൾഫിൽ ഓൺലൈൻ വഴിയാണ് ലോട്ടറിയെടുപ്പ്. ടിക്കറ്റൊന്നിന് 500 ദിർഹം. കഴിഞ്ഞ മാസം അങ്ങനെ മൂന്നു ലോട്ടറി എടുത്തു. അതിലൊന്നാണ് ഇപ്പോൾ ബമ്പറടിച്ചത്. 2017 മാർച്ചിലായിരുന്നു വിവാഹം. ഭാര്യ കാർത്തിക. സഹോദരങ്ങളായ ശ്യാമും ശരണും അബുദാബിയിലാണ്

അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിന് ശേഷം കോടിപതിയായ വിവരം അറിയിക്കാൻ വിളിച്ചിട്ടും ശരതിന് വിശ്വസിക്കാനായില്ല. 1.5 കോടി ദിഹമാണ് താങ്കൾക്ക് ലഭിച്ചത് എന്നറിയിച്ചപ്പോൾ ഒകെ ഞാൻ ആദ്യം ഉറപ്പുവരുത്തട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാമെന്നായിരുന്നു മറുപടി. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ശരത് ടിക്കറ്റെടുത്തതെന്നും രണ്ടു വർഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണെന്നും ശരത് പിന്നീട് പറഞ്ഞു.