തിരുവനന്തപുരം: ഹർത്താലിനിടെ വിവിധ സ്ഥലങ്ങളിൽ വച്ച് കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബസുകളുമായി ജീവനക്കാരുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെ.എസ്.ആർ.ടിസി ജീവനക്കാർ ബസുകളുമായി റാലി നടത്തിയത്.
കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ.തച്ചങ്കരി ചീഫ് ഓഫിസിനു മുന്നിൽ റാലി ഉദ്ഘാടനം ചെയ്തു.കെ.എസ്.ആർ.ടി.സിയെ അക്രമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ടോബിൻ ജെ. തച്ചങ്കരി അഭ്യർത്ഥിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ചതുകൊണ്ട് ആർക്കും നേട്ടമില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ബസ് ആക്രമിക്കുന്നതെങ്കിൽ കാര്യമില്ല. നഷ്ടം കെ.എസ്.ആർ.ടി.സിയാണ് വഹിക്കുന്നതെന്നും തച്ചങ്കരി പറഞ്ഞു.
ഇതുവരെയുള്ള കണക്കനുസരിച്ച് ഇന്നലെയും ഇന്നുമായി നൂറോളം ബസുകൾ അക്രമികൾ തകർത്തു. 3.35 കോടി രൂപയാണ് നഷ്ടം.