ന്യൂഡൽഹി: ശബരിമലയിൽ കയറിയതിന് പിന്നിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി എം.പി വി. മുരളീധരൻ. ഇതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.എെ.എ) അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കെെമാറി.
ശബരിമലയിൽ കയറിയ യുവതികളുടെ ചരിത്രം കൃത്യമായി പരിശോധിക്കണം. അവർക്ക് ലഭിച്ച സൗകര്യങ്ങളും പരിശീലനങ്ങളും പരിശോധിച്ചാൽ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള തെളിവ് ലഭിക്കും. തിരിച്ചറിയപ്പെടാത്ത രീതിയാണ് അവർ വസ്ത്രധാരണം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മാറ്റിയതിന് പിന്നിൽ സംസ്ഥാന സർക്കാറും മാവോയിസ്റ്റ് തമ്മിലുള്ള ആവിശുദ്ധ ബന്ധമാണ് കാണിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു.
ദർശനം നടത്തിയ യുവതികൾ ഭക്തരല്ലായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് സുരക്ഷയൊരുക്കേണ്ട കാര്യമില്ല. സർക്കാർ ദർശനത്തിന് അനുമതി നൽകിയതോടെ കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെ സർക്കാർ അക്രമം കൊണ്ടാണ് നേരിടുന്നത്. സംസ്ഥാനത്ത് കലുഷിതമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ശബരിമല ദർശനത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ പുറത്ത് കൊണ്ടുവരാൻ എൻ.എെ.എ അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും മുരളീധരൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.