പലതരം ത്വഗ് രോഗങ്ങൾ നമ്മെ അലട്ടാറുണ്ട്. കൃത്യസമയത്ത് ചികിത്സ നടത്തുന്നതു പോലെ തന്നെ പ്രധാനമാണ് ചർമ്മത്തെ ആരോഗ്യപൂർവം സംരക്ഷിക്കുന്നത്. ഇതിൽ വ്യക്തിശുചിത്വവും ആഹാരരീതിയുമെല്ലാം പങ്കുവഹിക്കുന്നുണ്ട്. മാനസിക പിരിമുറുക്കങ്ങളും ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചില ചർമ്മരോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും നോക്കാം. ചികിത്സയെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നു എന്നേയുള്ളു. എന്നാൽ സ്വയം ചികിത്സ എന്ന് ഇതിനർത്ഥമില്ല. ചർമ്മരോഗങ്ങൾ ഉള്ളപ്പോൾ നിർബന്ധമായും ചർമ്മരോഗ വിദഗ്്ദ്ധനെ കണ്ട് മാത്രമേ ചികിത്സ നടത്താവൂ.
ഇത് കൗമാരാരംഭത്തിൽ, മുഖത്തും നെഞ്ചത്തും പുറത്തും ഉണ്ടാകുന്ന കുരുക്കളാണ്. പ്രായപൂർത്തിയായതിന് ശേഷം കുരുക്കൾ ഉണ്ടാകുന്നത് കുറഞ്ഞുവരും. ഇതിന് പല കാരണങ്ങൾ ഉണ്ട്. സെബേഷ്യസ് ഗ്ളാൻഡ് എന്ന എണ്ണ ഗ്രന്ഥികളിൽ നിന്നുള്ള സ്രവങ്ങൾ കൗമാരത്തിലുണ്ടാകുന്ന ആൻഡ്രോജൻ ഹോർമോണുകൾ കാരണം കൂടുകയും അവ ഗ്രന്ഥികളിൽ അടിയുകയും, ചില അണുക്കൾ മൂലം അത് കുരുക്കളായി മാറുന്നു. ചിലത് പഴുത്തുപൊട്ടുകയും ചെയ്യും.
രോമകൂപങ്ങൾക്കിടയിലേക്കുള്ള ഈ സ്രവം വിസർജ്ജിക്കപ്പെടുമ്പോൾ അവ തടിപ്പായി മാറുകയും അവ എണ്ണ ഗ്രന്ഥികളായതിനാൽ അണുബാധ മൂലം കുരുക്കളാകും. പ്രധാനമായും ഹോർമോൺ വ്യതിയാനം കൊണ്ടുണ്ടാകുന്നതാണെങ്കിലും, ചില സാഹചര്യങ്ങൾ മൂലം കുരുക്കൾ അധികരിക്കും . മുഖത്ത് പുരട്ടുന്ന ചില ലേപനങ്ങൾ, ഗർഭനിരോധന ഗുളികകൾ, അമിതമായ സൂര്യപ്രകാശം, സ്റ്റീറോയ്ഡ് ഗുളികകൾ - തുടങ്ങിയവ മുഖക്കുരു അധികമായുണ്ടാകാൻ കാരണമാകും. ചില രോഗങ്ങൾ ഉദാഹരണത്തിന് ഇപ്പോൾ സാധാരണമായ പോളിസ്റ്റിക് ഓവറി ഡിസീസ്, ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ, ചില ഔഷധങ്ങൾ, ജോലി സ്ഥത്തെയോ വീട്ടിലെയോ മാനസിക സമ്മർദ്ദങ്ങൾ, കൊഴുപ്പു കൂടിയ ആഹാര പദാർത്ഥങ്ങൾ ഇവയൊക്കെ മുഖക്കുരു കൂടാൻ കാരണമാകും.
ചികിത്സ
ദിവസവും മുഖം കുറഞ്ഞത് ആറ് - ഏഴ് തവണയെങ്കിലും കഴുകുക.
ആന്റിബയോട്ടിക് അടങ്ങിയ ലേപനങ്ങൾ അണുബാധയെ ചെറുക്കുന്നു,
ബെൻബെൽ പെറോക്സയിഡ് തുടങ്ങിയ ലേപനങ്ങൾ ഉത്തമമാണ്. രോഗബാധിതമായ തൊലിയെ ഇളക്കിക്കളയുന്ന ലേപനങ്ങൾ.
ഇതൊന്നും ഫലപ്രദമായില്ലെങ്കിൽ ഉള്ളിൽ ടെട്രാസൈക്ളിൻ ആന്റിബയോട്ടിക്സ് കഴിക്കേണ്ടിവരും. വളരെ രൂക്ഷമായ സന്ദർഭങ്ങളിൽ ഈസ്ട്രജൻ അടങ്ങിയ ഗുളിക കഴിക്കേണ്ടിവരും. എല്ലാം ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ കഴിക്കാവൂ.
മുഖത്തെ പാടും കലകളും മാറുന്നതിന് ഫലപ്രദമായ കോസ്മെറ്റിക് ചികിത്സയും ഇപ്പോൾ ലഭ്യമാണ്.
താരൻ എന്നത് വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു രോഗമാണ്. ശരിക്കും ഇത് ത്വക് രോഗം എന്ന് പറയാൻ കഴിയില്ല. സാധാരണയായി തൊലിയിൽ ദിനം പ്രതി അനവധി കോശങ്ങൾ ഇളകി പൊഴിയുന്നുണ്ട്. എണ്ണമയം കൂടുതലുള്ള ത്വക് ഉള്ളവരിൽ ഒരു പൂപ്പൽബാധ ഈ കോശങ്ങളിലുണ്ടാവുകയും, തന്മൂലം, തലയിൽ ചുവപ്പുനിറമുണ്ടാവുകയും തൊലി കട്ടിപിടിക്കുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യും. സെബോറിക് ഏരിയാസ് എന്നു പറയുന്ന ചില ഭാഗങ്ങളിൽ ഈ ഗ്രന്ഥികൾ കൂടുതലായി കാണപ്പെടുകയും ഉദാ: കൺപോളകൾ, മൂക്കിന്റെ വശങ്ങൾ, നെഞ്ച്, പുറം - അവിടെയെല്ലാം ചെതുമ്പൽ പോലെ തൊലി ഇളകുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യുന്നതായി കാണാം. ചില മരുന്നുകൾ കഴിക്കുമ്പോൾ ഇതേ ലക്ഷണങ്ങൾ കാണാം. തലയിൽ ഇൻഫ്ളമേഷൻ കാരണം മുടി കൊഴിയുകയും ചെയ്യും.
ചികിത്സ
ആന്റി ഫംഗൽ ഔഷധങ്ങൾ അടങ്ങിയ ഷാംപൂ ഉപയോഗിക്കുക. വളരെയധികം ബുദ്ധിമുട്ടാവുകയാണെങ്കിൽ ടാർ, സ്റ്റീറോയ്ഡ് അടങ്ങിയ ഷാംപൂ ഉപയോഗിക്കാം.
സ്വേദഗ്രന്ഥികളുടെ ഇൻഫ്ളമേഷൻ മൂലമാണ് ചൂടുകുരു ഉണ്ടാകുന്നത്. അന്തരീക്ഷത്തിലെ താപനില വർദ്ധിക്കുമ്പോൾ സ്വേദഗ്രന്ഥികൾ വികസിക്കുകയും നാളികൾ പൊട്ടുകയും ചുറ്റും അതിന്റെ പ്രതിപ്രവർത്തനം മൂലം കുരുക്കൾ ഉണ്ടാവുകയും ചെയ്യും. തണുത്ത വെള്ളത്തിൽ സോപ്പുപയോഗിക്കാതെ മൂന്ന് നാല് തവണ കുളിക്കുകയും കലാമിൻ അടങ്ങിയ ലോഷൻ പുരട്ടുകയും ചെയ്യാം. സ്വേദഗ്രന്ഥികളുടെ പ്രവർത്തനം കുറയ്ക്കാൻ വൈറ്റമിൻ സി അടങ്ങിയ ഗുളികകളും കഴിക്കാം.
തൊലിപ്പുറത്തുണ്ടാകുന്ന കുരുക്കൾ പലതരമുണ്ട്. ബാക്ടീരിയൽ ബാധകളാണ് ഇതിന് കാരണം. ചെറിയ കുഞ്ഞുങ്ങളിൽ കാണുന്ന കരപ്പൻ എന്ന് പറയുന്ന പഴുപ്പു നിറഞ്ഞ കുമിളകൾ അവയിലൊന്നാണ്. സ്ട്രപ്റ്റോകോക്കസ്. സ്റ്റഫൈലോ കോക്കസ് എന്ന അണുക്കളാണിവ ഉണ്ടാക്കുന്നത്. രോമകൂപങ്ങളിൽ ഉണ്ടാകുന്ന പഴുപ്പ് കുരുക്കളാണ് പിന്നെ ഒന്ന്. ചില കുരുക്കൾ ഒന്നായി ചേർന്ന് വലിയ മുഴകൾ എല്ലാ പ്രായത്തിലും ഉണ്ടാകും. അതിന് കാർബങ്കിൾ എന്ന് പറയും. ചുവന്ന് തടിച്ച് കാലിലും കൈെയിലും ഉണ്ടാകുന്ന മുഴകൾക്ക് സെല്ലുലൈറ്റിസ് എന്നാണ് പേര്.
ചൂടും ഈർപ്പവും അധികരിച്ച കാലാവസ്ഥയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇവ പനി, വേദന, ചൊറിച്ചിൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയത് ആയിരിക്കും.
ചികിത്സ
അണുബാധയുള്ളപ്പോൾ പുറമേ ആന്റിബയോട്ടിക് അടങ്ങിയ ഓയിൻമെന്റുകൾ പുരുട്ടുകയും എറിത്രോമൈസിൻ, ആംപിസിലിൻ എന്നീ ആന്റിബയോട്ടിക്കുകൾ കഴിക്കുകയും വേണം. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ബീറ്റാഡിൻ കൊണ്ട് വൃത്തിയാക്കുകയും വേണം. അല്ലെങ്കിൽ അണുനാശിനിയായ ക്ളോർ ഹെക്സിഡിൻ അടങ്ങിയ സോപ്പ് ഉപയോഗിക്കണം.