ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പാർലമെന്റിൽ കറുത്ത ബാഡ്‌ജണിഞ്ഞ് പ്രതിഷേധിക്കാനുള്ള കേരളത്തിൽ നിന്നുള്ള എം.പിമാരുടെ ശ്രമം യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി വിലക്കിയതായി റിപ്പോർട്ട്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ സമരം ലിംഗ സമത്വത്തിന് എതിരാകുമെന്നതിനാൽ ഇക്കാര്യത്തിലെ പ്രതിഷേധം പ്രാദേശികമായി മാത്രം ഒതുക്കാനാണ് സോണിയാ ഗാന്ധിയുടെ നിർദ്ദേശം. ഇന്ന് രാവിലെ പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ തന്നെ കറുത്ത ബാഡ്‌ജ് അണിഞ്ഞ് പ്രതിഷേധിക്കാനായിരുന്നു കോൺഗ്രസ് എം.പിമാരുടെ നീക്കം. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സോണിയാ ഗാന്ധി എം.പിമാരെ ഇതിൽ നിന്നും വിലക്കുകയായിരുന്നു. അതേസമയം, ഇത്തരം റിപ്പോർട്ടുകൾ കേരളത്തിലെ എം.പിമാർ നിഷേധിച്ചു.
അതേസമയം, ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ തീരുമാനം. അവിവേകിയായ ഒരു മുഖ്യമന്ത്രി അധികാരത്തിലേറിയാൽ എന്ത് സംഭവിക്കുമെന്നാണ് കേരളമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെത്തില പറഞ്ഞു. ഇന്നലെ സംസ്ഥാനത്തുണ്ടായ അക്രമങ്ങൾക്കെല്ലാം ഏക ഉത്തരവാദി മുഖ്യമന്ത്രിയാണ്.ഒരു കാര്യം ചെയ്യുമ്പോൾ അത് നാട്ടിൽ വിപത്തുണ്ടാക്കുമോയെന്ന് വിവേകശാലിയായ ഭരണാധികാരി ആലോചിക്കണം.വനിതാമതിൽ തീർത്തദിവസം രഹസ്യമായി ഇരുളിന്റെമറവിൽ യുവതികളെ സന്നിധാനത്ത് എത്തിച്ച് തന്റെ നവോത്ഥാനവാശി തീർക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ആക്ടിവിസ്റ്റായ യുവതികളെ തിരഞ്ഞു പിടച്ചാണ് കയറ്റിയത്. അതിൽ ഒരാൾ സിവിൽ സപ്‌ളൈസ് കോർപ്പറേഷനിലെ സി.ഐ.ടി.യു യൂണിയന്റെ ഭാരവാഹിയാണ്. ഒരാൾക്ക് സി.പി.ഐ എംഎല്ലുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഇത് ഭക്തജനങ്ങളുടെ മനസിൽ മുറിവേൽപ്പിച്ചു.അടുത്ത കാലത്തൊന്നും അത് ഉണങ്ങില്ല.
നവോത്ഥാന സംരക്ഷണം എന്ന് മോഹിപ്പിച്ച് വനിത മതിലിൽ പങ്കെടുത്ത സംഘടനകളെയെല്ലാം മുഖ്യമന്ത്രി വഞ്ചിച്ചു. ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും ആക്രമങ്ങളെയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ചിട്ടതിനെയും ചെന്നിത്തല അപലപിച്ചു.