sreelankan-women

സന്നിധാനം: ശ്രീലങ്കയിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ 47കാരി ശശികലയെ പൊലീസുകാർ നിർബന്ധിച്ച് തിരിച്ചയച്ചുവെന്ന് ആരോപണം. ശശികലയ്‌ക്കെതിരെ മരക്കൂട്ടത്ത് വച്ച് പ്രതിഷേധമുണ്ടായതിനെ തുടർന്ന് തിരിച്ചറക്കിയെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ഭക്തരിൽ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ലെന്നും പൊലീസ് തന്നെ നിർബന്ധിച്ച് തിരിച്ചിറക്കിയെന്നുമാണ് ശശികല മാദ്ധ്യമങ്ങളോട് പറഞ്ഞത്. സാധാരണ ഭക്തരെപ്പോലെ വ്രതം നോറ്റ് തന്നെയാണ് താൻ എത്തിയതെന്നും അവർ വ്യക്തമാക്കി.

താൻ ഒരു അയ്യപ്പവിശ്വാസിയാണ്. വ്രതമെടുത്ത്​ മാലയിട്ടാണ്​ വന്നത്​. ഗർഭപാത്രം ശസ്​ത്രക്രിയയിലൂടെ​ ഒഴിവാക്കിയിരുന്നു. അതിനാലാണ്​ വ്രതമെടുത്തത്​. ശബരിമല ദർശനത്തിന്​ വേണ്ടി മാത്രമാണ്​ വന്നത്​. അത്​ പൂർത്തിയാക്കാനായില്ല. എവിടെയും പ്രതിഷേധമുണ്ടായിരുന്നില്ല. എന്നിട്ടും പൊലീസ്​ ശരംകുത്തിയിൽ വെച്ച്​ തന്നോട്​ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ഭർത്താവും മകനും ദർശനം നടത്തി. ദർശനം പൂർത്തിയാക്കുന്ന കാര്യം അയ്യപ്പൻ തീരുമാനിക്കും. താൻ കാര്യങ്ങളെല്ലാം പമ്പ സ്‌റ്റേഷനിൽ ചെന്ന് അറിയിച്ചതാണ്. പൊലീസ് അറിയിച്ചത് കൊണ്ടാണ് താൻ മലകയറിയതെന്നും ശശികല മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി സന്നിധാനത്തേക്ക് പുറപ്പെട്ട ശ്രീലങ്കൻ യുവതിയാണ് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മരക്കൂട്ടത്തുനിന്ന് മലയിറങ്ങിയത്. ബിന്ദുവും കനകദുർഗയും പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച പുലർച്ചെ രഹസ്യമായി ദർശനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് കൂടുതൽ യുവതികൾ ശബരിമലയിൽ എത്തുന്നുണ്ടെന്ന അഭ്യൂഹം പരന്നത്. ശ്രീലങ്കൻ യുവതിയുടെ സന്ദർശന ശ്രമവും ഇത്തരം അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. ബുധനാഴ്ച രാത്രി തന്നെ മറ്റ് രണ്ട് യുവതികൾ കൂടി മല കയറുമെന്നായിരുന്നു പ്രചരിച്ചത്. യുവതികൾ നിലയ്ക്കലിൽ എത്തിയിട്ടുണ്ടെന്നും പ്രചരിച്ചു. ഇതോടെ സന്നിധാനം, പമ്പ സ്റ്റേഷനുകളിലെ പൊലീസുകാർ പരിശോധന തുടങ്ങി. എന്നാൽ രാവിലെവരെ ആരും എത്താതായതോടെയാണ് പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ചത്. തുടർന്ന് ഇന്നലെ ഉച്ചയോടെ വീണ്ടും യുവതികൾ മലകയറുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പരിശോധനകൾ വീണ്ടും കർശനമാക്കി.