bomb

നരുവാമൂട്: പ്രാവച്ചമ്പലത്തിന് സമീപം ഇടയ്‌ക്കോട് സി.പി.എം സംഘടിപ്പിച്ച ജാഥയിൽ ബോംബ് പൊട്ടി 7 സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. കൈയിലിരുന്ന് ബോംബ് പൊട്ടിയതാണെന്ന് സംശയിക്കുന്നു. ശബരിമല വിഷയത്തിൽ ബുധനാഴ്ച ബി.ജെ.പി നടത്തിയ പ്രതിഷേധ ജാഥയിൽ, കൊടിമരങ്ങൾ തകർത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി സി.പി.എം ജാഥ നടത്തിയത്. നരുവാമൂട് സ്വദേശികളായ അലക്സ് (24), ഗോപൻ (49), സിബിൻ രാജ് (18), രഞ്ജിത് (25), സജു (30), അശ്വിൻ (24), നേമം സ്വദേശി നന്ദഗോപൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജാഥയ്ക്കുനേരെ ബി.ജെ.പി പ്രവർത്തകർ ബോംബ് എറിഞ്ഞതാണോ, സി.പി.എം. പ്രവർത്തകരുടെ കൈയിലിരുന്ന ബോംബ് പൊട്ടിയതാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് നരുവാമൂട് എസ്.ഐ പറഞ്ഞു.