ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിനെ തള്ളി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ രംഗത്തെത്തി. ബഹിരാകാശത്ത് വരെ സ്ത്രീകൾക്ക് പോകാമെങ്കിൽ എന്തുകൊണ്ട് അമ്പലത്തിൽ കയറിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിക്കാനാകില്ല. ബേട്ടി ബച്ഛാവോ ബേട്ടി പഠാവോ എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. വിധി മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.
ശബരിമലയിലെ യുവതീ പ്രവേശനത്തെ ബി.ജെ.പി എതിർത്തിട്ടുണ്ടാകാം. എന്നാൽ കേന്ദ്രസർക്കാർ ഇതിൽ ഇടപെട്ടിട്ടില്ല. വിധി വന്നതിന് ശേഷം രണ്ട് യുവതികളെങ്കിലും ശബരിമലയിൽ പ്രവേശിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും യുവതികളെ ആരും തടയുന്നില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അയോധ്യയിലെ രാമക്ഷേത്രവിഷയത്തിലും എല്ലാ മതവിഭാഗക്കാരും സുപ്രീം കോടതിവിധി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധി വരുന്നതുവരെ കാത്തിരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞാൽപ്പിന്നെ സംശയത്തിന്റെ ആവശ്യമില്ല. ഓർഡിനൻസ് വേണമെന്ന ആവശ്യത്തെ ഞാൻ പിന്തുണക്കില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.