ന്യൂഡൽഹി: അയോദ്ധ്യ തർക്കഭൂമി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 15ഹർജികളാണ് നിവലിൽ സുപ്രീംകോടതിയിലുള്ളത്. ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തേ അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
കേസിൽ ഈ മാസം തന്നെ തീർപ്പുണ്ടാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടും. കേസിന്റെ വാദം കേൾക്കുന്ന തീയതിയും ഇന്ന് തീരുമാനിക്കാണ് സാദ്ധ്യത. എന്നാൽ സുപ്രീംകോടതി വിധി കാത്ത് നിൽക്കാതെ രാമക്ഷേത്ര നിർമ്മാണം ഉടൻ തുടങ്ങണമെന്നാണ് ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ രാമക്ഷേത്ര നിർമ്മാണത്തിന് ഓഡിനൻസ് പുറപ്പെടുവിക്കണമെന്നും സംഘടകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നടപടികൾ പൂർത്തിയായ ശേഷമേ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി.
അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണമെന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധി. എന്നാൽ ഈ വിധിക്കെതികരെയുള്ള അപ്പീലുകളാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.