harthal

തിരുവനന്തപുരം : ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്ത് അഴിഞ്ഞാടിയ അക്രമികളെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ. വാഹനങ്ങളെയും,വ്യാപാരസ്ഥാപനങ്ങളെയും തകർത്തവരിൽ നിന്നും നഷ്ടപരിഹാരം വാങ്ങാനാണ് നീക്കം. പൊതുമുതൽ നശീകരണം തടയൽ നിയമം മുഖേന അറസ്റ്റ് ചെയ്തവരാണ് ഇത്തരത്തിൽ കാശ് കെട്ടിവയ്‌ക്കേണ്ടി വരിക. ഇത്തരം കേസുകളിൽ കോടതികളിൽ നിന്നും ജാമ്യം ലഭിക്കണമെങ്കിൽ നഷ്ടപരിഹാര തുക കെട്ടിവച്ചേ മതിയാവൂ. കെ.എസ്. ആർ.ടി.സിയുടെ നൂറിൽപ്പരം ബസുകളാണ് അക്രമികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തകർത്തത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമേഖല സ്ഥാപനത്തിന് ഉണ്ടായത്. ഇത് കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ അക്രമം നടത്തിയവരും കുടുങ്ങുമെന്ന് ഉറപ്പാണ്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞതിനാൽ പൊലീസിന് എളുപ്പത്തിൽ ഇവരെ പിടികൂടാനാവും.

അതേസമയം കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല പോലീസ് യോഗത്തിൽ അക്രമികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ആൽബം തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ മാസപൂജയ്ക്ക് നടതുറന്നപ്പോൾ അക്രമം അഴിച്ച് വിട്ട സംഘപരിവാർ പ്രവർത്തകരെ കുടുക്കാൻ ആൽബം വഴി പൊലീസിന് സാധിച്ചിരുന്നു. ഇത്തരത്തിൽ ഹർത്താലിനും അക്രമം നടത്തിയവരുടെ ചിത്രങ്ങൾ ശേഖരിച്ച് ജില്ലാതലത്തിൽ പട്ടിക തയ്യാറാക്കാനാണ് പൊലീസ് തീരുമാനം. ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ ഇക്കൂട്ടരെ പിടികൂടാൻ സ്‌പെഷൽ ഡ്രൈവ് ഇതിനകം തന്നെ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവരെ പിടികൂടി അവരുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ മരവിപ്പിക്കാനാണ് പൊലീസ് നീക്കം. അഴിക്കുള്ളിലായ അണികളുടെ രക്ഷയ്ക്ക് പാർട്ടി എത്തിയില്ലെങ്കിൽ സ്വത്തുവകകളിൽനിന്ന് നഷ്ടം ഈടാക്കിയിട്ടേ കല്ലേറിൽ പങ്കെടുത്തവർക്ക് പുറത്തിറങ്ങാനാവുകയുള്ളു. രണ്ട് ദിവസങ്ങളിലായി പൊതുമുതൽ നശിപ്പിച്ച് 750ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.