തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെ കണ്ണൂർ പുതിയതെരുവിൽ പ്രവർത്തിക്കുന്ന ബി.ജെ.പി ഓഫീസിന് തീയിട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തകന് പൊള്ളലേറ്റിട്ടുണ്ട്. മൂപ്പൻപാറ സ്വദേശി സുരേഷിനാണ് പൊള്ളലേറ്റത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ 2 പേരാണ് ഓഫീസിന് തീവച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന സുരേഷ് പൊലീസിനോട് പറഞ്ഞു. വളപട്ടണം സി.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 100 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 140 പ്രതികളാണ് മൊത്തം. കണ്ണൂർ, തലശ്ശേരി, വളപട്ടണം,പയ്യന്നൂർ കുടിയാന്മല, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകളുള്ളത്. ഇതിൽ കണ്ണൂർ പൊലീസ് സബ്ഡിവിഷനിൽ വിവിധ കേസുകളിൽപെട്ട 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 23പേരെ കോടതി റിമാന്റ് ചെയ്തു.
തളിപ്പറമ്പ് പൊലീസ് ഡിവിഷനിൽ കീഴിൽ തളിപ്പറമ്പ്, കുടിയാന്മല സ്റ്റേഷനുകളിൽ ആറ് പേർ അറസ്റ്റിലായി. ഇവിടെ രാത്രി കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരി പൊലീസ് വിവിധ അക്രമ സംഭവങ്ങളിലായി 10 കേസുകൾ എടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് വേണ്ടി അക്രമ ബാധിത പ്രദേശങ്ങളിൽ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ ഉണ്ടായ അക്രമ സംഭവങ്ങൾ തുടരുകയാണ്. സംഘർഷം പടരാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത തുടരുന്നു. വോർക്കാടിയിൽ ഇന്നലെ രാത്രി മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് കുത്തേറ്റു. മംഗളൂരുവിൽ എ.സി ടെക്‌നീഷ്യനായ കടമ്പാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരൺകുമാർ (27), കുമ്പള ഷിറിയയിലെ വസന്തൻ (40) എന്നിവർക്കാണ് വോർക്കാടിയിൽ കുത്തേറ്റത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കുമ്പള വിഷ്ണു മൂർത്തി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ഗുരുപ്രസാദിനും, കിരണിനും വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം. ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിറിയ സ്‌കൂളിന് സമീപത്ത് വെച്ചാണ് വസന്തന് കുത്തേറ്റത്. ഷിറിയ സ്‌കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകൻ ചരൺ രാജിനെ ഒരു സംഘം മർദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് കുത്തേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മനോരമ ലേഖകൻ ശ്യാംബാബുവിന്റെ വീടിന് നേരെ ഇന്ന് പുലർച്ചെ ഒന്നര മണിയോടെ അക്രമമുണ്ടായി. പാർട്ടി ഓഫീസുകൾക്ക് നേരെയും അക്രമം നടന്നു. പള്ളിക്കര കീക്കാനത്ത് സി.പി.എം ബ്രാഞ്ച് ഓഫീസ് അടിച്ചു തകർത്തു. സംഘർഷം വ്യാപിക്കുന്നത് തടയാൻ സി.ആർ.പി.സി 144 പ്രകാരം മഞ്ചേശ്വരം താലൂക്കിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ ജില്ലയിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് പൊതുമുതൽ നശിപ്പിച്ചതിന്റെ കണക്കുകളും ശേഖരിക്കുകയാണ്. അക്രമികളിൽ നിന്നുതന്നെ നഷ്ടം ഈടാക്കാനാണ് പൊലീസ് നീക്കം.
മലബാർ ദേവസ്വം ബോർഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്
പേരാമ്പ്രയിൽ മലബാർ ദേവസ്വം ബോർഡ് അംഗം കെ. ശശികുമാറിന്റെ പാലോട്ട്കാവിലെ വീടിന് നേരെ ബോംബെറിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രണ്ട് സ്റ്റീൽ ബോംബുകളാണ് എറിഞ്ഞതെന്ന് ശശികുമാർ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.
വീടിന്റെ പിറകിൽ അടുക്കള ഭാഗത്താണ് ബോംബ് പതിച്ചത്. രണ്ട് ബോംബിൽ ഒരെണ്ണം പൊട്ടി. ശബ്ദംകേട്ട് ശശികുമാർ പുറത്തിറങ്ങുകയായിരുന്നു. വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പേരാമ്പ്ര പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബോംബാണ് എറിഞ്ഞതെന്ന് മനസിലാത്. ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ളിഷ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാൻകൂടിയായ ശശികുമാർ സി.പി.എം ഈസ്റ്റ് പേരാമ്പ്ര ലോക്കൽ കമ്മറ്റി അംഗമാണ്.
ബോംബേറിൽ ആളുകൾക്ക് പരിക്കോ വീടിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പേരാമ്പ്ര പൊലീസ് കേസെടുത്തു.
നെയ്യാറ്റികരയിൽ സി.പി.എം ഓഫീസിന് നേരെ ബോംബേറ്
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സംഘർഷം നടന്ന തിരുവനന്തപുരം ജില്ലയിൽ ഇന്നും ചെറിയ തോതിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. നെയ്യാറ്റിൻകരയിൽ ഒരു സംഘം സി.പി.എം ഓഫീസിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. ബി.ജെ.പി പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്. നെടുമങ്ങാട് മന്നൂർകോണത്ത് സി.പി.എം കൗൺസിലറുടെ വീട്ടിലേക്കും ബോംബാക്രമണം നടന്നു.പലയിടങ്ങളിലും സി.പി.എം നേതാക്കളുടെ വീടിന് നേരെ ആക്രമണം നടക്കുന്നുണ്ട്.
അടൂരിൽ 30 വീടുകൾ തകർത്തു
കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ തുടർച്ചയെന്നോണം ഇന്നലെ രാത്രി അടൂരിലെ മുപ്പതോളം വീടുകൾക്ക് നേരെ ആക്രമണം നടന്നു. മഴു ഉപയോഗിച്ച് ഈ വീടുകളുടെ വാതിലുകൾ ഒരു സംഘം തകർക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരുടെ വീടുകൾ തിരഞ്ഞ് പിടിച്ച് ആക്രമിച്ചതായും പരാതിയുണ്ട്.
പള്ളിപ്പുറത്ത് പി.ഡി.പി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കഴക്കൂട്ടം: പള്ളിപ്പുറത്ത് പി.ഡി.പി ജില്ലാ സെക്രട്ടറി പാച്ചിറ സലാവുദ്ദീന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 1.45നുണ്ടായ അക്രമത്തിൽ വീടിന്റെ മുൻവശത്തെ ഭിത്തിയും ജനാലകളും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും തകർന്നു. വീട്ടുകാർ ഉറങ്ങികിടക്കുമ്പോഴായിരുന്നു ആക്രമം. ആർക്കും പരിക്കില്ല. അണ്ടൂർക്കോണം ഭാഗത്ത് നിന്ന് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത് .
വീട്ടിലെ സി.സി ടിവി കാമറയിൽ നിന്ന് അക്രമത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് തവണയായാണ് ഉഗ്രശേഷിയുള്ള അമിട്ടുപോലുള്ള ഏതോ സ്ഫോടക വസ്തു വീടിന് നേരെ എറിഞ്ഞത്. സലാവുദ്ദീനും കുടുംബവും ആദ്യത്തെ സ്ഫോടന ശബ്ദം കേട്ട് ഉണർന്നതിന് പിന്നാലെയാണ് രണ്ടാമതും അക്രമമുണ്ടായത്. വീടിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. രാത്രിയിലുണ്ടായ ഉഗ്ര സ്ഫോടനം നാട്ടുകാരെയും പരിഭ്രാന്തരാക്കി.അക്രമത്തിനുശേഷം ഇരുവരും ബൈക്കിൽ അണ്ടൂർക്കോണം ഭാഗത്തേക്കാണ് മടങ്ങിയത്.
വിവരമറിഞ്ഞ് മംഗലപുരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. തകർന്ന വീടും കാറും പരിശോധിച്ച പൊലീസ് സംഘം ഇന്ന് ഫോറൻസിക് വിദഗ്ദരുടെ സഹായത്തോടെ കൂടുതൽ തെളിവെടുപ്പ് നടത്തും. കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് നടന്ന യൂത്ത് ലീഗ് മാർച്ചുമായി ബന്ധപ്പെട്ട് വടക്കൻ ജില്ലകളിൽ നിന്നെത്തിയ യൂത്ത് ലീഗ് പ്രവർത്തകരും പി.ഡി.പി പ്രവർത്തകരും തമ്മിൽ പാച്ചിറയിൽ സംഘർഷമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഹർത്താലിന്റെ മറവിൽ ഇന്നലെയുണ്ടായ അക്രമമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സലാവുദ്ദീന്റെ വീടിന് നേരെ മുമ്പും അക്രമങ്ങളുണ്ടായിട്ടുണ്ട്.