കേരള നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ രജിസ്ട്രേഷനും നിയന്ത്രണവും ആക്ടിന്റെ (2017) ചട്ടങ്ങൾ രൂപീകരിച്ച് 2019 ജനുവരി മുതൽ നടപ്പിൽ വന്നിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ആധുനിക ചികിത്സാ ആശുപത്രികളും ക്ലിനിക്കുകളും ലബോറട്ടറികളുമാണ് നിയമത്തിന്റെ പരിധിയിൽ വരിക. മറ്റ് ചികിത്സാരീതികളിൽ പെട്ട സ്ഥാപനങ്ങളിലും നിയമം നടപ്പിലാക്കും. സ്വകാര്യ സർക്കാർ ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും കുറഞ്ഞ നിലവാരം നിർണയിച്ച് ആതുര സേവനരംഗത്ത് ഐക്യരൂപ്യം കൊണ്ട് വരിക എന്നതാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ലക്ഷ്യമിടുന്നത്.
ഏറ്റവുമധികം വൈദ്യശാസ്ത്രവത്കരിക്കപ്പെട്ട സമൂഹമാണ് കേരളം. സർക്കാർ സ്വകാര്യ - സഹകരണ, ഇ.എസ്.ഐ. ഉടമസ്ഥതകളിലായി ഒട്ടനവധി ആശുപത്രികളും ലബോറട്ടികളും കേരളത്തിലുണ്ട്. 70 ശതമാനത്തിലേറെ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലാണ്. ഇവയെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ യാതൊരു സംവിധാനവും നിലവിലില്ല.അമിത ഫീസ് ഈടാക്കിയും ഉചിതമായ ചികിത്സ നിഷേധിച്ചും കടുത്ത ചൂഷണത്തിന് വിധേയരാക്കപ്പെടുന്നവരുടെ ദാരുണമായ അനുഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. യാതൊരു ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രത്യേകിച്ചും പല ലബോറട്ടറികളും പ്രവർത്തിക്കുന്നത്. ഇതുകാരണം ആരോഗ്യചെലവ് കുതിച്ചുയരുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം പ്രതിശീർഷ സ്വകാര്യ ചെലവുള്ള സംസ്ഥാനം കേരളമാണ്. യാതൊരു യോഗ്യതയും പരിശീലനവുമില്ലാതെ അശാസ്തീയ ചികിത്സ നൽകി രോഗികളെ ചൂഷണം ചെയ്യുന്ന ധാരാളം വ്യാജചികിത്സകരും കേരളത്തിലുണ്ട്. വ്യാജചികിത്സ തടയാൻ ആക്ടിലെ വ്യവസ്ഥകൾ സഹായിക്കും.
ഈ സാഹചര്യത്തിൽ ചികിത്സാ രോഗനിർണയ സ്ഥാപനങ്ങളുടെ നിലവാരവും പ്രവർത്തനങ്ങളിൽ സുതാര്യതയും ഉറപ്പാക്കി അവയെ സാമൂഹ്യ നിയന്ത്രണത്തിൽ കൊണ്ടുവരാനും സാമൂഹ്യ ഉത്തരവാദിത്വം ഉറപ്പാക്കാനും വേണ്ടി നടപ്പിലാക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് ചരിത്ര പ്രാധാന്യമുള്ളതാണ്. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും നടപ്പിലാക്കാൻ സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും കൗൺസിലുകൾ രൂപീകരിക്കും. ക്ളിനിക്കൽ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകുക, പുതുക്കുക, റദ്ദാക്കുക തുടങ്ങിയ ചുമതലകളായിരിക്കും ജില്ലാ അതോറിട്ടിയുടെ ചുമതല. സംസ്ഥാന കൗൺസിലിലോ ജില്ലാ അതോറിറ്റിയിലോ രജിസ്റ്റർ ചെയ്യാത്ത ഒരു സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. ഓരോ സ്ഥാപനവും നൽകുന്ന സേവനങ്ങൾ, ഈടാക്കുന്ന ഫീസ്, ഡോക്ടർമാർ അടക്കമുള്ളവരുടെ യോഗ്യത തുടങ്ങിയവ പ്രദർശിപ്പിക്കണം. രോഗി ചികിത്സ തേടുന്ന മേഖലയിലെ ആശുപത്രികൾ ഈടാക്കുന്ന പരിശോധനാ ഫീസ് നിരക്ക് ഓൺലൈനായി അറിയാൻ കഴിയുന്നത് അടക്കമുള്ള സേവനം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സേവനം, പരിശോധന തുടങ്ങിയവ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാകും. പരാതി തെളിഞ്ഞാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകും .
ആക്ടിലെ ഒരു പ്രധാനപ്പെട്ട വ്യവസ്ഥ ആശുപത്രി ഫീസിനെയും സേവനത്തെയും മെഡിക്കൽ റെക്കാഡുകളെയും സംബന്ധിച്ചുള്ളവയാണ്. ഓരോ ക്ലിനിക്കൽ സ്ഥാപനവും നൽകിവരുന്ന സേവനങ്ങൾക്കും ലഭ്യമായ സൗകര്യങ്ങൾക്കും ഈടാക്കുന്ന ഫീസ് നിരക്കും പാക്കേജ് നിരക്കും രോഗികളുടെ അറിവിലേക്കായി ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കേണ്ടതാണ്. പ്രദർശിപ്പിച്ചിട്ടുള്ളതിനെക്കാൾ കൂടുതൽ ഫീസോ പാക്കേജ് നിരക്കോ ഈടാക്കാൻ പാടില്ല. ക്ലിനിക്കൽ സ്ഥാപനങ്ങൾ രോഗികളുടെ രോഗനിർണയം, പരിശോധനാഫലം, നൽകിയ ചികിത്സ, വിടുതൽ സമയത്തുള്ള സ്ഥിതി, രോഗികൾക്ക് നൽകുന്ന ഉപദേശം എന്നിവ സംബന്ധിച്ച രേഖകൾ സൂക്ഷിക്കേണ്ടതും പകർപ്പ് രോഗിക്കോ ബന്ധുക്കൾക്കോ ലഭ്യമാക്കേണ്ടതുമാണ്. രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനും ആവശ്യമായ തരത്തിൽ പരിശോധനയും ചികിത്സയും നൽകണം. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനവും നൽകേണ്ട ജീവൻരക്ഷാ സേവനങ്ങൾ കൗൺസിൽ വിജ്ഞാപനം ചെയ്യുന്നതാണ്.
മറ്റൊരു പ്രധാന വ്യവസ്ഥ കോടതി ഇടപെടലുകൾ സംബന്ധിച്ചുള്ളതാണ്. കൗൺസിലിന്റെയോ അതോറിട്ടിയുടെയോ അവയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെയോ ഉത്തരവിൽ ഇടപെടുന്നതിന് സിവിൽ കോടതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്ന് ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുള്ള ഉപാധികളും ആക്ടിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. എല്ലാ ക്ലിനിക്കൽ സ്ഥാപങ്ങൾക്കും സ്ഥാപനത്തിന്റെ വിഭാഗത്തിന് അനുസൃതമായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിലവാരം നിർബന്ധമാണ് മെഡിക്കലും പാരാമെഡിക്കലും ജീവനക്കാർക്ക് നിർണയിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ യോഗ്യതകൾ ഉണ്ടായിരിക്കണം. ഈ വിവരങ്ങളെല്ലാം സർക്കാരിനെ കാലാകാലങ്ങൾ അറിയിച്ചിരിക്കേണ്ടതുമാണ്. ആക്ട് പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് താത്കാലിക രജിസ്ട്രേഷൻ നൽകും. രണ്ട് വർഷത്തിനകം ഏറ്റവും കുറഞ്ഞ നിലവാരം ഉറപ്പാക്കിയശേഷം സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കണം. മൂന്നു വർഷമാണ് രജിസ്ട്രേഷന്റെ കാലാവധി. അതിന് ശേഷം നിർണയിക്കപ്പെടുന്ന ഫീസ് ഒടുക്കി രജിസ്ട്രേഷൻ പുതുക്കണം.
അംഗീകരിക്കപ്പെട്ട വൈദ്യശാസ്ത്രശാഖയിൽ നിന്നുള്ള ഡോക്ടർമാർ കൺസൾട്ടേഷൻ സേവനം മാത്രം നൽക്കുന്ന സ്ഥാപനങ്ങൾ രജിസ്ട്രേഷൻ മാത്രം നൽകിയാൽ മതി. രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാനായി ആനുകാലിക പരിശോധന നടത്താൻ സ്വതന്ത്ര അസ്സസ്സർമാരുടെ ഒരു പാനൽ, അസസ്സ്മെന്റ് നടത്തുന്നതിനുള്ളവരുടെ യോഗ്യത എന്നിവ കൗൺസിൽ വിജ്ഞാപനം ചെയ്യും. നിശ്ചയിക്കപ്പെട്ടിട്ടുള്ള നിലവാരം സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തേണ്ടതും പരിശോധനാഫലം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുമാണ്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഏതെങ്കിലും വ്യവസ്ഥയുടെ ആദ്യ ലംഘനത്തിന് പതിനായിരം രൂപ, രണ്ടാമത്തെ ലംഘനത്തിന് അൻപതിനായിരം രൂപ, തുടർന്നുള്ള ലംഘനത്തിന് അഞ്ചുലക്ഷം രൂപ എന്നീ നിരക്കുകളിലാണ് പിഴശിക്ഷ . കുറ്റം ഗുരുതരമാണെങ്കിൽ പിഴ ശിക്ഷയ്ക്ക് പുറമേ നോട്ടീസ് നൽകിയശേഷം ക്ലിനിക്കൽ സ്ഥാപനം അടച്ചുപൂട്ടാൻ കൗൺസിലിന് ഉത്തരവിടാം.
രജിസ്ട്രേഷനില്ലാതെ ക്ലിനിക്കൽ സ്ഥാപനം നടത്തുന്ന ഏതൊരാൾക്കും ആദ്യലംഘനത്തിന് അൻപതിനായിരം രൂപയും രണ്ടാമത്തെ ലംഘനത്തിന് രണ്ട് ലക്ഷം രൂപയും പിന്നീടുള്ള ലംഘനത്തിന് അഞ്ചു ലക്ഷം രൂപയും പിഴ ചുമത്തുന്നതാണ്. ക്ലിനിക്കൽ സ്ഥാപനത്തിന്റെ വിഭാഗം, വലിപ്പം, തരം, സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം എന്നിവ കണക്കിലെടുത്താവും പിഴ നിശ്ചയിക്കുക. സ്വകാര്യ ആശുപത്രികളിലെ ഫീസ് പ്രദർശിപ്പിക്കണമെന്ന് മാത്രമാണ് നിയമത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ളത്. വിവിധ ചികിത്സാവിധികൾക്കുള്ള ചികിത്സാനിരക്ക് നിർണയിച്ച് പ്രസിദ്ധീകരിക്കാൻ പിന്നീട് കൗൺസിലിനെ ചുമതലപ്പെടുത്താം. കേന്ദ്ര ഡയറക്ടർ ജനറൽ വിവിധ ചികിത്സാരീതികൾക്കുള്ള ചികിത്സാനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ ഇൻഷ്വറൻസിന്റെ ഭാഗമായി കേരളത്തിലും ചികിത്സാ നിരക്കുകൾ നിലവിലുണ്ട്. ചികിത്സാനിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കിൽ കേവലം അവയുടെ പ്രദർശനംകൊണ്ട് മാത്രം ചികിത്സാച്ചെലവ് കുറയ്ക്കാനാകാതെ വരും.
രജിസ്റ്റർ ചെയ്യപ്പെട്ട ആശുപത്രികളിൽ ചികിത്സാ മാനദണ്ഡങ്ങളും നിർദ്ദേശകതത്വങ്ങളും പാലിച്ചിരിക്കണം എന്ന വകുപ്പ് കൂടി കൂട്ടിചേർക്കേണ്ടതാണ്. ഇതിലേക്കായി സംസ്ഥാനതലത്തിൽ വിഗ്ദ്ധരുടെ സഹായത്തോടെ ചികിത്സാമാനദണ്ഡങ്ങൾ തയാറാക്കണം. സംസ്ഥാന ജില്ലാ കൗൺസിലുകളിൽ പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിച്ച് ജനവിശ്വാസം ആർജ്ജിച്ച പൊതുപ്രവർത്തകരെക്കൂടി ഉൾപ്പെടുത്തണം.
ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കേണ്ട മിനിമം സൗകര്യങ്ങളും സേവനങ്ങളും നിശ്ചയിക്കുമ്പോൾ അതെല്ലാം സർക്കാർ ആശുപത്രികൾക്കും ബാധകമാണെന്ന കാര്യം മറക്കരുത്. സർക്കാർ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്താതെ സ്വകാര്യ മേഖലയുടെ മേൽ നടപടിയെടുക്കുന്നതിന് നിയമപരവും ധാർമ്മികവുമായ തടസങ്ങളുണ്ടാകാനിടയുണ്ട്. കൗൺസിൽ ആശുപത്രികളുടെ മിനിമം നിലവാരം നിശ്ചയിച്ച് കഴിഞ്ഞാൽ അതെല്ലാം സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കേണ്ടതാണ്. മിനിമം സൗകര്യങ്ങളുടെ കാര്യത്തിൽ സർക്കാർ ആശുപത്രികൾ മാതൃക കാട്ടണം. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കാൻ വേണ്ടിവരാനിടയുള്ള അധികച്ചെലവ് കണക്കാക്കി ഇപ്പോഴെ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ജനസൗഹൃദമാക്കാനും താലൂക്ക് - ജില്ലാ - മെഡിക്കൽ കോളേജ് ആശുപത്രികൾ വികസിപ്പിക്കാനും സർക്കാർ തുടക്കം കുറിച്ചിട്ടുള്ള പദ്ധതികൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ വേഗത്തിലാക്കേണ്ടതാണ്.