തിരുവനന്തപുരം: സംസ്ഥാനമാകെ പടർന്ന സംഘർഷം കൂട്ട റെയ്ഡുകൾ നടത്തിയും സംശയമുള്ളവരെ കരുതൽ തടങ്കലിലാക്കിയും നിയന്ത്രിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് പൊലീസ്. അക്രമം വേഗത്തിൽ അമർച്ച ചെയ്യണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. സ്ട്രൈക്ക് ഫോഴ്സിനെയും ദ്രുതകർമ്മ സേനയെയും ഉൾപ്പെടെ ഇറക്കി അക്രമം അടിച്ചമർത്തും. അടുത്ത മൂന്ന് ദിവസം 24 മണിക്കൂറും പൊലീസ് ജാഗരൂകരായിരിക്കും.
ശബരിമലയിലും പത്തനംതിട്ടയുടെ മറ്റു ഭാഗങ്ങളിലും ഇടുക്കിയിലുമായി പതിനായിരത്തോളം പൊലീസുകാർ സുരക്ഷാ ഡ്യൂട്ടിയിലാണ്. ക്യാമ്പുകളിൽ റിസർവ് പൊലീസും കുറവാണ്. മിക്ക ജില്ലകളിലും പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയാണ്. പൊലീസ് സ്റ്റേഷനുകളും വാഹനങ്ങളും ആക്രമിക്കപ്പെടുന്നു. എഴുപതിലേറെ പൊലീസുകാർക്ക് പരിക്കേറ്റു.അക്രമം ഉൾമേഖലകളിലേക്ക് വ്യാപിക്കുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. 1994 നവംബറിൽ കൂത്തുപറമ്പ് വെടിവയ്പിനു പിന്നാലെയാണ് ഇതുപോലൊരു സംഘർഷം സംസ്ഥാനത്തുണ്ടായത്. ഏറെ പണിപ്പെട്ടാണ് അന്ന് അടിച്ചമർത്തിയത്.
പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാവുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് എല്ലാ പ്രധാന ഓഫീസുകൾക്കും പൊലീസ് സംരക്ഷണമേർപ്പെടുത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷ വർദ്ധിപ്പിച്ചു.
യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തിന്റെ വീര്യം വരും ദിവസങ്ങളിൽ കൂടുമെന്നും കരുതലോടെ നേരിടണമെന്നുമാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. മകര വിളക്കുകാണാൻ സന്നിധാനത്തും പമ്പയിലുമായി അഞ്ചു ലക്ഷത്തിലേറെ ഭക്തരെത്തും. പുല്ലുമേട് അടക്കം ഉയർന്ന സ്ഥലങ്ങളിലും ലക്ഷങ്ങളുണ്ടാവും. പഴുതടച്ച സുരക്ഷ ഒരുക്കണമെന്നാണ് ശുപാർശ. ചെറിയ വീഴ്ച പോലും ദുരന്തമുണ്ടാക്കുമെന്ന് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് പറയുന്നു.
സൈബർ പട്രോൾ
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം എരിതീയിൽ എണ്ണയൊഴിക്കുന്നതാണ്. വർഗീയ പ്രചാരണവും തകൃതിയായി നടക്കുന്നു. സൈബർ പൊലീസും സൈബർഡോമും ഇത്തരക്കാരുടെ വിവരങ്ങൾ അതത് ജില്ലാ പൊലീസിന് കൈമാറുന്നുണ്ട്. ഇവരെ അറസ്റ്റ് ചെയ്യും. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും സൈബർ പട്രോളിംഗ് നടത്തും.
കരുതൽ വൈകി
അക്രമ പരമ്പര യുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കരുതലെടുത്തില്ല
റെയ്ഡുകളും കരുതൽ തടങ്കലുകളും തുടങ്ങിയത് ഏറെ വൈകി
യുവതീ പ്രവേശനത്തെക്കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്നതും വർഗീയ വിദ്വേഷം പരത്തുന്നതുമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യും.
ലോക്നാഥ് ബെഹ്റ,
പൊലീസ് മേധാവി