ന്യൂഡൽഹി: അയോദ്ധ്യ കേസിൽ ജനുവരി 10മുതൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് പരിഗണിച്ച് 60 സെക്കന്റിനുള്ളിലായിരുന്നു ചീഫ് ജസ്‌റ്റിസ് തീരുമാനമറിയിച്ചത്. എന്നാൽ ഏതൊക്കെ വിഷയങ്ങളിൽ വാദം കേൾക്കണമെന്ന് ജനുവരി 10ന് മുമ്പ് തന്നെ അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി.
തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് 15ഹർജികളാണ് സുപ്രീം കോടതിയിയ്‌ക്ക് മുന്നിലെത്തിയത്. ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തേ അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണമെന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് അപ്പീലുകൾ സുപ്രീം കോടതിയ്‌ക്ക് മുന്നിലെത്തിയത്.
ഇതിന് പുറമെ അയോധ്യയിലെ തർക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും കോടതിയ്‌ക്ക് മുന്നിലുണ്ട്. അപ്പീലുകളിൽ അടിയന്തിരമായി വാദം കേൾക്കണം എന്ന് ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ തവണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതി നടപടി അനന്തമായി വൈകിയാൽ ക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് മാർഗം തേടണം എന്ന് സംഘ പരിവാർ സംഘടനകൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.