kt-jaleel

അഴീക്കോട്ടെ ലീഗ് എം.എൽ.എയ്‌ക്കെതിരെ ഉയർത്തിയ വാദങ്ങൾക്ക് മറുപടി നൽകാതെ ലീഗ് നേതൃത്വം പാതിരാ പ്രസംഗകരെ ഇറക്കിവിട്ട് തന്നെ ഇസ്ലാം മതത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ.ടി.ജലീൽ. എന്നാൽ തനിക്ക് ഇതിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും സ്വർഗ്ഗം ഏതെങ്കിലും വിഭാഗക്കാർക്കോ ദേശക്കാർക്കോ നെറ്റിയിൽ സ്റ്റിക്കറൊട്ടിച്ചവർക്കോ മാത്രം അവകാശപ്പെട്ടതാണെന്ന് കരുതുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു. നിരാലംബർക്കും അനാഥർക്കും നിരാശ്രയർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്കാണ് സ്വർഗലബ്ദിയെന്നും മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും മദർ തരേസയും എ.കെ.ജി യും സ്വർഗ്ഗത്തിൽ ഉണ്ടാകുമെന്ന് കരുതാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

മരണാനന്തര ജീവിതത്തിൽ ലഭിക്കുമെന്ന് വിശ്വാസികൾ കരുതുന്ന സ്വർഗ്ഗത്തെ ആരും ഇലക്ട്രിക് മതിലു കെട്ടി 'ഞമ്മന്റെ' ആളുകൾക്കു മാത്രമായി കുടുസ്സാക്കിയവരാണ് തനിക്കെതിരെ ആരോപണം ഉയർത്തുന്നത്. ചില 'മഹാൻമാർ'ക്ക് മാത്രം അർഹതപ്പെട്ടതാണ് സ്വർഗ്ഗമെങ്കിൽ ഞങ്ങളെപ്പോലുള്ളവരെ നരകത്തിലേക്ക് തള്ളി വിട്ടാൽ ഒരു പരിഭവവുമില്ല. വിശാലമായ ഇസ്ലാമിക ദർശനത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങൾക്കായി സങ്കുചിതമാക്കി അപഹസിക്കുന്നതിനെക്കാൾ വലിയ പാപം മറ്റെന്തുണ്ടെന്നും മന്ത്രി ചോദിക്കുന്നു.

ഏതെങ്കിലും സംഘടനാ നേതാക്കളുടെ കോന്തലയിലാണ് സ്വർഗ്ഗത്തിന്റെ താക്കോൽകൂട്ടം കെട്ടിത്തൂക്കി ഇട്ടിരിക്കുന്നതെന്നും താൻ കരുതുന്നില്ലെന്നും, അങ്ങിനെയൊക്കെ ആശങ്കപ്പെടുന്നവരോട് മതി നിങ്ങളുടെ വിരട്ടലും കണ്ണുരുട്ടലെന്നും ആരോപണമുയർത്തിയവരോട് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുന്നു.