തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങൾ അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പൊലീസുദ്യോഗസ്ഥരെ ഡി.ജി.പി താക്കീത് ചെയ്തു.യുവതി പ്രവേശനത്തെ തുടർന്ന് അക്രമങ്ങളുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചതിനും കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വരുത്തിയ വീഴ്ചയുമാണ് എസ്.പി മാരെ താക്കീത് ചെയ്യാൻ ഇടയാക്കിയത്.
അക്രമങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയെന്ന പേരിൽ ശക്തമായ നടപടിക്ക് ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ നൽകിയ നിർദേശവും പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. കരുതൽ അറസ്റ്ര് ഉൾപ്പെടെയുള്ള നടപടികൾ പാലിക്കാതിരുന്നതാണ് ഇന്നലെ തിരുവനന്തപുരവും പാലക്കാടുമുൾപ്പെടെ ചില ജില്ലകളിൽ സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ ഇന്നും അക്രമങ്ങൾ തുടരുന്നുണ്ട്.
അതേസമയം നഗരത്തിൽ സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്. 92 പേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് സിറ്റി പൊലീസ് കരുതൽ തടങ്കൽ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർത്താൽ ദിനത്തിലും അതിന് മുമ്പും പിമ്പുമുണ്ടായ അക്രമ സംഭവങ്ങളിലുൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ഡി.ജി.പി പൊലീസിന് നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ കർശന നടപടികൈക്കൊള്ളുമെന്ന് ഡി.ജി.പി മുന്നറിയിപ്പ് നൽകി.