തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും ദേവസ്വം - നിയമ മന്ത്രിമാർക്കും സുരക്ഷ കൂട്ടാൻ നിർദ്ദേശം.യുവതീ പ്രവേശനം സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിനും വീടിനും യാത്രയിലും പൊതു പരിപാടികളിലും ശക്തമായ പൊലീസ് ബന്തവസ് ക്രമീകരിക്കാനാണ് നിർദേശം.
മുഖ്യമന്ത്രിക്ക് പുറമേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നിയമമന്ത്രി എ.കെ ബാലൻ എന്നിവർക്കും സുരക്ഷ ശക്തമാക്കും. എ.കെ ബാലൻ കഴിഞ്ഞ ദിവസം പാലക്കാട് ഇൻസ്പെക്ഷൻ ബംഗ്ളാവിൽ തങ്ങുന്നതിനിടെ ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തലസ്ഥാനത്ത് ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൈലറ്റ് വാഹനം ഇടിച്ച് പരിക്കേറ്റിരുന്നു. നിരവധി കേന്ദ്രങ്ങളിലാണ് പലപ്പോഴായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കരിങ്കൊടി പ്രതിഷേധം നേരിടേണ്ടി വന്നത്. ഈ പശ്ചാത്തലത്തിലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കുന്നത്.