sabarimala-women-entry

ശബരിമലയിൽ ദർശനത്തിനായി യുവതികൾ എത്തിയാൽ ഇനിയും സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി എം.എം.മണി. ശബരിമലയിൽ പ്രവേശിക്കാൻ സ്ത്രീകൾ എത്തിയാൽ അവർക്ക് സംരക്ഷണം കൊടുക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിർവ്വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ യുവതികളെ കയറ്റാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞില്ലല്ലോ, കഴിഞ്ഞില്ലല്ലോ എന്ന് കൂകി വിളിച്ചവരാണ് സ്ത്രീകൾ പ്രവേശിച്ചു എന്ന വാർത്ത വന്നപ്പോൾ സർക്കാർ ചതിച്ചുവെന്ന് പറഞ്ഞ് വിലപിക്കുന്നത്. എന്ത് ചതിയാണ് കാണിച്ചതെന്ന് ഇവർ വ്യക്തമാക്കിയാൽ നന്നായിരുന്നുവെന്നും മന്ത്രി എം.എം.മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ യുവതികളെ കയറ്റാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞില്ലല്ലോ, കഴിഞ്ഞില്ലല്ലോ എന്ന് വിളിച്ചു കൂകിക്കൊണ്ടിരിക്കുകയായിരുന്നു ശ്രീധരൻ പിള്ളയ്ക്കും, ആർ.എസ്.എസ്. നേതാക്കൾക്കുമൊപ്പം ചെന്നിത്തലയും, മുല്ലപ്പള്ളിയും, മറ്റ് യു.ഡി.എഫ്. നേതാക്കന്മാരും. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു എന്ന വാർത്ത വന്നപ്പോൾ, വലിയ ചതിയാണ് സർക്കാർ ചെയ്തതെന്ന് പറഞ്ഞാണ് ഇപ്പോൾ ഇവർ വിലപിക്കുന്നത്. ശബരിമലയിൽ പ്രവേശിക്കാൻ സ്ത്രീകൾ എത്തിയാൽ അവർക്ക് സംരക്ഷണം കൊടുക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്, അത് നിർവ്വഹിക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. അപ്പോൾപ്പിന്നെ എന്ത് ചതി കാണിച്ചുവെന്ന് ഈ നേതാക്കന്മാർ വ്യക്തമാക്കിയാൽ കൊള്ളാം. ശബരിമലയിൽ പ്രവേശിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് യുവതികൾ ഇനിയും മന്നോട്ടു വന്നാൽ സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കുകതന്നെ ചെയ്യും.