തിരുവനന്തപുരം: കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ ശ്രീലങ്കൻ വംശജ അയ്യപ്പദർശനം നടത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടു. ഭക്തർക്കിടയിലൂടെ ശശികലയെന്ന ശ്രീലങ്കൻ വംശജ ഇരുമുടിക്കെട്ടുമായി നടന്ന് നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഗുരുസ്വാമിയോടൊപ്പം പൊലീസ് സുരക്ഷയിലാണ് ഇവർ എത്തിയതെന്നാണ് സൂചന. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇന്ന് പുറത്തിറങ്ങിയ ഏതാണ്ടെല്ലാ ഇംഗ്ലീഷ് പത്രങ്ങളും ശശികല ശബരിമല ദർശനം നടത്തിയെന്ന രീതിയിലാണ് വാർത്തകൾ നൽകിയത്.
അതേസമയം, പമ്പയിൽ തിരിച്ചെത്തിയ ശശികല തന്നെ പൊലീസ് നിർബന്ധിച്ച് തിരിച്ചയച്ചുവെന്നാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് ഏറെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. പൊലീസിന്റെ അകമ്പടിയോടെ ഇന്നലെ രാത്രി സന്നിധാനത്തെത്തിയ ശശികലയെ പിന്നീട് ആരും കണ്ടിരുന്നില്ല. കൂടെയുണ്ടായിരുന്ന ഭർത്താവിനോട് ഇക്കാര്യം ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. ശബരിമല ദർശനം പൂർത്തിയാക്കിയ ശേഷം ശശികലയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. നേരത്തെയുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ ദർശനം നടത്തിയ വിവരം ഇപ്പോൾ പുറത്തറിയിക്കേണ്ടെന്ന് പൊലീസ് തീരുമാനത്തിലെത്തിയെന്നാണ് വിവരം. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി തന്നെ ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിവരമറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.