bindu-kanakadurga

ശബരിമല: പൊലീസ് സംരക്ഷണയിൽ ഇന്നലെ സന്നിധാനത്ത് എത്തിയെങ്കിലും അഡ്വ. ബിന്ദുവിനും കനകദുർഗയ്ക്കും തിരക്കിനിടയിൽ അയ്യപ്പ വിഗ്രഹം ദർശിക്കാനായില്ല! പമ്പയിൽ നിന്ന് വനംവകുപ്പിന്റെ ആംബുലൻസിൽ ജ്യോതിർ നഗറിലെത്തിച്ച ഇവരെ ബെയ്ലി പാലത്തിന്റെ പടിക്കെട്ടിലൂടെ ഇറക്കി ദേവസ്വം മെസിനും അരവണപ്ലാന്റിനും സമീപത്തുകൂടിയാണ് വടക്കേ നടയിലെത്തിച്ചത്. തുടർന്ന് സ്റ്റാഫ് ഗേറ്റുവഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

കറുപ്പ് ചുരിദാറണിഞ്ഞ് കറുത്ത ഷാളുകൊണ്ട് മുഖം മറച്ചാണ് ഇവർ എത്തിയത്. മുകളിലെത്തിയ ഇവർ കൊടിമരച്ചുവട്ടിലേക്ക് വളരെവേഗത്തിൽ നടന്നടുത്തു. പൊലീസുകാർ വഴിമാറിക്കൊടുത്തതോടെ ബലിക്കല്ലിന് സമീപത്തുകൂടി അകത്തേക്ക് പ്രവേശിച്ചു. ഈ സമയം തിടപ്പള്ളിയിൽ തന്ത്രി കണ്ഠര് രാജീവരരുടെയും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ഗണപതിഹവനം നടക്കുകയായിരുന്നു. ദർശനത്തിനുള്ള മൂന്നാമത്തെ നിരയുടെയും പിന്നിലെത്തിയ ഇവർ ക്യൂവിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ തിരക്കിൽപ്പെട്ട് മുൻപിലേക്ക് നീങ്ങി. ശ്രീകോവിലിൽ ദർശന ഭാഗത്തുനിന്ന് മുന്നിലെ ഇറക്കത്തിലേക്ക് തള്ളപ്പെട്ടതോടെ അയ്യപ്പവിഗ്രഹം ദർശിക്കാനുള്ള അവസരം നഷ്ടമായി.

ഇതിനുശേഷം സോപാനത്തിലേക്ക് കയറാനുള്ള ശ്രമവും വിഫലമായതോടെ മഫ്‌തിയിൽ ഇവർക്ക് സംരക്ഷണമൊരുക്കിയ പൊലീസ് ഇരുവരെയും ഇവിടെ നിന്ന് പടിഞ്ഞാറെ നടവഴി വന്ന വഴിയിലൂടെ തിരിച്ച് കൊണ്ടുപോയി. ഭക്തരുടെയും പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച് സന്നിധാനത്ത് എത്തിയെങ്കിലും അയ്യപ്പ വിഗ്രഹം ദർശിക്കാൻ കഴിയാത്തതിന്റെ നിരാശ ഇവർ പ്രകടിപ്പിച്ചെങ്കിലും ഇവരെ എത്തിച്ച വഴിയിലൂടെ അതിവേഗം പൊലീസ് തിരികെ കൊണ്ടുപോവുകയായിരുന്നു. ഇവർ പുറത്തുവിട്ട വിഡീയോ ക്ളിപ്പിലും ഈ സംസാരം പതിഞ്ഞിട്ടുണ്ട്.