modi

ന്യൂഡൽഹി: കഴിഞ്ഞു പോയ വർഷം ഇന്ത്യൻ സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം മിന്നുന്നതായിരുന്നെന്ന് റിപ്പോട്ടുകൾ. വൻകിട സാമ്പത്തിക ശക്തികളെ പിന്നിലാക്കി ശരവേഗത്തിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഇത്തരത്തിൽ 2019ൽ റഷ്യയെ മറികടന്ന് ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അത്ര സരളമായിരിക്കില്ല ഇന്ത്യയുടെ കുതിപ്പെന്നും സൂചനയുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ആഗോളതലത്തിൽ തന്നെ സാമ്പത്തിക വളർച്ച കഴിഞ്ഞ വർഷം 3.20 ശതമാനമായിരുന്നു. എന്നാൽ 2019ൽ അത് 2.8 ശതമാനമായി കുറയുമെന്ന് ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്പത്തിക ഏജൻസിയായ നൊമുറ ഫോൾഡിംഗ് വ്യക്തമാക്കുന്നു. അമേരിക്കയെയും ചൈനയെയുമാണ് ഇത് കാര്യമായി ബാധിച്ചത്.

2018ൽ പലിശനിരക്കുകളിൽ രണ്ട് തവണ മാറ്റം വരുത്തിയ സ്ഥതിയ്‌ക്ക് ഈ വർഷം ആദ്യ പാദമെങ്കിലും റിസർവ് ബാങ്ക് അത്തരം നടപടികളിലേക്ക് നീങ്ങില്ലെന്നാണ് സൂചന. റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ ശക്തികാന്ത ദാസിന്റെ സാമ്പത്തിക നയങ്ങളിലെ മൃദു സമീപനവും മുതൽകൂട്ടായേക്കും.

തിരഞ്ഞെടുപ്പ് അടുത്ത സ്ഥിതിയ്‌ക്ക് കർഷകരെ പ്രീതിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നികുതി ഒഴിവാക്കി കൊണ്ടുള്ള നടപടികൾ കൂടാതെ വിളകൾക്ക് പ്രതിഫലം നേരിട്ട് കർഷകരുടെ കൈയിൽ എത്തിക്കുന്നതിനുള്ള വഴികളും സർക്കാർ സ്വീകരിക്കുമെന്നാണ് അറിയുന്നത്.