മുംബയ്: കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴെ വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ ഗോവന്ദിയിലാണ് സംഭവം. അലക്കിയിട്ട തുണികൾ വിരിച്ചിടാനായി കുട്ടിയുടെ മുത്തശ്ശി ജനാല തുറന്നിരുന്നു എന്നാൽ വാതിൽ തിരിച്ചടത് ശരിയായിരുന്നില്ല. മുറിയിൽ കളിച്ചു കൊണ്ടിരുന്ന അഥർവ വാതിൽ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. രണ്ടടി മുന്നോട്ട് പോയ ശേഷമാണ് കുട്ടി താഴേക്ക് വീണത്. ബാൽകണിയിൽ സുരക്ഷാ കൈ വരികളോ, ഗ്രില്ലുകളോ സ്ഥാപിക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി.
കെട്ടിടത്തിന് താഴെയുണ്ടായിരുന്ന മരമാണ് അഥർവയുടെ ജീവൻ രക്ഷിച്ചത്. മുറിക്ക് താഴെ നിന്ന മരച്ചില്ലയിൽ തട്ടിയാണ് അഥർവ താഴെ വീണത്. ഇത് വീഴചയുടെയും അപകടത്തിന്റെയും ആഘാതം കുറയ്ക്കുകയും ചെയ്തെന്ന് ബന്ധുക്കൾ വ്യക്തമാക്കി. താഴെ വീണ അഥർവ നിർത്താതെ കരയുകയായിരുന്നു. തുടർന്ന് അഥർവയെ അച്ഛൻ അജിത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ പീഡിയാട്രിക് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രണ്ട് ആശുപത്രി അധികൃതർ കുട്ടിയെ പരിശോധിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിശോധനയിൽ അഥർവയ്ക് കാര്യമായ പരിക്കുകളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ ചുണ്ടുകൾ പൊട്ടുകയും കാലുകൾക്ക് ചെറിയ പരിക്കുകളുമാണ് സംഭവിച്ചത്. താഴേക്ക് വീഴും മുൻപ് തന്നെ കുട്ടി മരത്തിൽ തട്ടിയതാണ് വൻ അപകടത്തിൽ നിന്ന് ഒഴിവായതെന്ന് പൊലീസ് വ്യക്തമാക്കി. കൃഷി ആവശ്യങ്ങൾക്കായി മണ്ണും വൈക്കോലും നൽകുന്നതാണ് അജിത്തിന്റെ ബിസിനസ്. തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതും മരമായതിനാൽ വളരെ സന്തോഷമുണ്ടെന്നും അഥർവയുടെ മാതാപിതാക്കൾ അറിയിച്ചു.