police-arest

തിരുവന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ ആക്രമണം നടത്തിയ 1369 പേരെ അറസ്റ്റ് ചെയ്തു. 801 കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുവരെ 717 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

അതേസമയം, എല്ലാ ജില്ലകളിലെയും അക്രമങ്ങൾ അന്വേഷിക്കാനും പ്രതികളെ പിടികൂടാനും പൊലീസ് 'ബ്രോക്കൺ വിൻഡോ' പ്രത്യേകദൗത്യം ആരംഭിച്ചു. അക്രമികളെ പിടികൂടി കർശന നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമികളെ അറസ്​റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിമാരുടെയും മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. അറസ്റ്റിലാകുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കും.

അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മ​റ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്​റ്റ് ചെയ്യാനും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ നടപടിയെടുക്കും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് അക്രമികളുടെ ലിസ്​റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിക്കും. ആയുധങ്ങൾ കണ്ടെത്താൻ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തും. കു​റ്റവാളികളുടെ ഡാ​റ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. അക്രമികളുടെ ഫോട്ടോ ആൽബം തയ്യാറാക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ഡിജി​റ്റൽ ടീമിന് രൂപം നൽകും. അക്രമികളെ അറസ്​റ്റ് ചെയ്യാൻ ഈ ആൽബം ഉദ്യോഗസ്ഥർക്ക് നൽകും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വർഗ്ഗീയ വിദ്വേഷം പടർത്തുന്നവരെയും അറസ്​റ്റ് ചെയ്യുമെന്നും ഡി.ജി.പി ബെഹ്‌റ അറിയിച്ചു.