rape

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മലയാളത്തിലെ പ്രമുഖ സിനിമാ നിർമാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും നോർത്ത് സി.ഐ കെ.ജെ പീറ്റർ ഫ്ളാഷനോട് പറഞ്ഞു. നോർത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. നിർമാതാവിന്റെ പേര് വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല. പരാതിയിൽ വാസ്തവമുണ്ടെങ്കിൽ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ആരെയും വ്യക്തിഹത്യ നടത്താനില്ലെന്നും സി.ഐ പറഞ്ഞു.

2017ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് വിവരം. യുവനടി പരാതിയുമായി തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നും അഭനേതാക്കളുടെ സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ഇതുമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.