sabarimala

ശബരിമല: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി കണ്ഠര് രാജീവര് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിക്കലിൽ വിവാദം ഒതുങ്ങിയേക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്താണ് ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേരുന്നത്.

ഇന്ന് രാവിലെ ഹൈക്കോടതി നിരീക്ഷക സമിതിയും ബോർഡുമായി ചർച്ച നടത്തും. ശബരിമലയിൽ എത്തുന്ന യുവതികൾക്ക് പൊലീസ് പ്രത്യേക സംരക്ഷണം നൽകുന്നതിനെതിരെ ഹൈക്കോടതി നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതും ചർച്ചയ്‌ക്കെടുത്തേക്കും.

തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ബോർഡ് നിയമാവലി പ്രകാരം നട അടയ്ക്കാൻ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നതാകും പ്രധാനമായും ചർച്ചയാവുക. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണ്. ആചാരം ലംഘിക്കപ്പെട്ടതിനാലാണ് നട അടച്ച് ശുദ്ധിക്രിയകൾ നടത്തിയതെന്ന മറുപടിയിൽ കാര്യങ്ങൾ അവസാനിക്കാനാണ് സാദ്ധ്യത.

സുപ്രീംകോടതി വിധി അനുസരിച്ചാണ് യുവതികളെത്തിയത്. നിയമപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവർ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നാണ് ബോർഡ് കരുതുന്നത്. എന്നാൽ തന്ത്രിക്ക് മാത്രമായി ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ എൻ.വാസു പറഞ്ഞു.

ബോർഡ് യോഗം തീരുമാനിക്കും

തന്ത്രിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. അത് അവരുടെ ഉത്തരവാദിത്വമാണ്.
കെ.പി.ശങ്കരദാസ്, ബോർഡ് അംഗം