രാഹുൽ നടുങ്ങിത്തിരിഞ്ഞു.
മൂസ, സ്പാനർ കയ്യിലെടുത്തു.
''സാറ് അങ്ങോട്ട് മാറിനിന്നോ. എന്റെ നെഞ്ചത്ത് ചവുട്ടിയല്ലാതെ ആർക്കും സാറിനെ ഒന്നു തൊടാൻ പറ്റത്തില്ല.."
മൂസ ശബ്ദം താഴ്ത്തി.
രാഹുൽ വേഗം ബാത്ത്റൂമിലേക്കു കയറി വാതിൽ അകത്തുനിന്നടച്ചു ലോക്കിട്ടു.
കരുതലോടെ മൂസ പുറത്തേക്കുള്ള വാതിലിന്റെ കുറ്റിയെടുത്തു. ഹാൻഡിലിൽ പിടിച്ചു തിരിച്ചിട്ട് ഒരുവശത്തേക്ക് ഒതുങ്ങിനിന്നു.
വാതിൽ തുറന്ന് ഒരാൾ അകത്തേക്കു വന്നതും മൂസ സ്പാനർ ഓങ്ങി. പക്ഷേ അടിച്ചില്ല.
കടന്നു വന്നത് വിക്രമൻ ആയിരുന്നു. ആകെ പതറി പരിഭ്രമിച്ച ഭാവം.
''എടാ... എന്തുപറ്റിയെടാ?"
വിക്രമൻ പെട്ടെന്ന് വാതിലടച്ചു.
അതിൽ ചാരിനിന്ന് ശക്തമായി കിതച്ചു.
അയാളുടെ മുഖം അടിയേറ്റ് കരുവാളിച്ചിരിക്കുന്നത് മൂസ കണ്ടു.
''എടാ എന്തു പറ്റിയെന്ന്."
മൂസ ശബ്ദമുയർത്തി.
അതുകേട്ട് രാഹുലും ബാത്ത്റൂമിൽ നിന്നു പുറത്തുവന്നു.
വിക്രമൻ ഒരു നിമിഷം ഇരുവരെയും മാറി മാറി നോക്കി. പതിയെ ആ ചുണ്ടു ചലിച്ചു.
''സാദിഖിനെയും ഒപ്പം പഴവങ്ങാടി ചന്ദ്രനെയും അവര് കൊണ്ടുപോയി."
''ങ്ഹേ? ആര്?" രാഹുലും മൂസയും ഒന്നിച്ചാണ് തിരക്കിയത്.
''അറിയില്ല. കുടപ്പനക്കുന്നിൽ വച്ചാണ് ഞങ്ങളു വന്ന വണ്ടി അവര് ബ്ളോക്കു ചെയ്തത്. ആറേഴുപേര് ഉണ്ടായിരുന്നു... എന്നേം സാദിഖിനേം തല്ലിയിട്ട് .... ഒരുവിധത്തിലാ ഞാൻ രക്ഷപ്പെട്ടത്..."
മൂസയ്ക്കു മിണ്ടാനായില്ല.
വിക്രമന്റെ കണ്ണുകൾ വട്ടം ചുറ്റി. ടീപ്പോയിൽ ഇരുന്ന മിനറൽ വാട്ടർ ബോട്ടിൽ അയാൾ കണ്ടു.
അതെടുത്തു തുറന്ന് അയാൾ ആർത്തിയോടെ വായിലേക്കു കമിഴ്ത്തി. മീനിന്റെ ചെകിള കണക്കെ അയാളുടെ തൊണ്ട അനങ്ങുന്നത് രാഹുലും മൂസയും കണ്ടു.
മുഴുവൻ വെള്ളവും കുടിച്ചു തീർത്തിട്ട് വിക്രമൻ ബോട്ടിൽ ടീപ്പോയിൽ വച്ചു.
''ഛേ..." തലയ്ക്കു കൈ കൊടുത്ത് രാഹുൽ കസേരയിൽ ഇരുന്നു. 'ഇനി എന്തു ചെയ്യും മൂസേ?"
അതേക്കുറിച്ചു ചിന്തിക്കുകയായിരുന്നു മൂസയും. അയാൾ പറഞ്ഞു:
''ഈ തലസ്ഥാനത്ത് നമുക്കറിയാത്ത ഒരുപാട് മാളങ്ങളുണ്ട്. ക്വട്ടേഷൻ സംഘങ്ങൾക്ക് ഒളിക്കാൻ. എങ്കിലും ഞാനതു കണ്ടെത്തും. സാദിഖിന് എന്തെങ്കിലും പറ്റിയാൽ... ഏത് കൊമ്പത്തെ ക്വട്ടേഷൻകാരാണെങ്കിലും അവർക്കു മാപ്പില്ല."
മൂസയുടെ മുഖം വലിഞ്ഞുമുറുകി. പല്ലുകൾ ചേർന്നു ഞെരിഞ്ഞു.
ആ നേരത്ത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനരുകിൽ...
യാർഡിൽ തുരുമ്പെടുത്തു തുടങ്ങിയ ഏതാനും ഗുഡ്സ് ബോഗികൾ കിടപ്പുണ്ടായിരുന്നു.
അതിനുള്ളിൽ ഒന്നിൽ ഉണ്ടായിരുന്നു സാദിഖ്.
അയാളെ ഫ്ളോറിൽ കമിഴ്ത്തി കിടത്തി പുറത്ത് കട്ടിയായിപ്പോയ ഒരു ചാക്ക് സിമന്റ് എടുത്തുവച്ചിരുന്നു...
കല്ല് അടർന്ന് പുറത്തുവീണ് രക്ഷപ്പെടാൻ കഴിയാത്ത ഒരു പട്ടിയുടെ ഭാവത്തിലായിരുന്നു സാദിഖ്.
അയാൾക്കു ചുറ്റും ഒരുവട്ടം നടന്നു പഴവങ്ങാടി ചന്ദ്രൻ.
''നീയൊക്കെ എന്താടാ എന്നെക്കുറിച്ചു കരുതിയത്? ചുമ്മാതങ്ങ് കീഴടക്കി കൊണ്ടുനടക്കാമെന്നോ?" ചന്ദ്രൻ ചിരിച്ചുകൊണ്ട് പിന്നിൽ നിൽക്കുന്ന ഏഴുപേർക്കു നേരെ കൈചൂണ്ടി.
''ഇവന്മാരുണ്ടല്ലോ... എന്റെ ചാവേറുകളാ. ഈ പട്ടണത്തിൽ എവിടെയും എന്തും ചെയ്യാൻ കഴിവുള്ളവര്. ഇവരുടെ എക്സ്റേ കണ്ണുകളിൽ നിന്ന് എന്നെ ഒരിടത്തേക്കും കൊണ്ടുപോകാൻ ആർക്കും പറ്റത്തില്ലെടാ."
അടിയേറ്റ് ചതഞ്ഞ മുഖം വല്ലവിധേനയും ഉയർത്താൻ ശ്രമിച്ചു സാദിഖ്.
കഴിയുന്നില്ല. കഴുത്തിന് അതികഠിനമായ വേദന!
മാത്രമല്ല ഫ്ളോറിൽ മുട്ടിയിരിക്കുന്ന താടിയെല്ലുപോലും ഇപ്പോൾ പിളർന്നു പോകും എന്ന അവസ്ഥ...
റെയിൽവേ സ്റ്റേഷനിലെ വെളിച്ചം രണ്ട് ചതുരക്കട്ടകളായി, ബോഗിയുടെ തകർന്ന വാതിൽ വഴി അകത്തേക്കു പാളി വീഴുന്നുണ്ടായിരുന്നു.
''എന്നെ.. എന്നെ കൊല്ലരുത്."
സാദിഖ് ഞരങ്ങി.
''പഴവങ്ങാടി ചന്ദ്രൻ പൊട്ടിച്ചിരിച്ചു:
''ഒരു ഗുണ്ട ഇങ്ങനെ മോങ്ങാമോടാ? ചന്ദ്രൻ അനുചരരെ നോക്കി.
''ഇവന്റെ ഫോൺ നിങ്ങടെ കയ്യിലുണ്ടല്ലോ?"
''ഉണ്ട്." ഒരാൾ പറഞ്ഞു.
ചന്ദ്രൻ കൈ നീട്ടി. അയാൾ അത് കൈവെള്ളയിലേക്കു വച്ചുകൊടുത്തു...
(തുടരും)