സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജന ക്ളബിനുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാദ്ധ്യമപ്രവർത്തകൻ (പ്രിന്റ് മീഡിയ), മാദ്ധ്യമ പ്രവർത്തക (പ്രിന്റ് മീഡിയ), മാദ്ധ്യമ പ്രവർത്തകൻ (ദൃശ്യമാദ്ധ്യമം), മാദ്ധ്യമ പ്രവർത്തക (ദൃശ്യമാദ്ധ്യമം), കല, സാഹിത്യം (വനിത), സാഹിത്യം (പുരുഷൻ), ഫൈൻ ആർട്സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം (പുരുഷൻ), ശാസ്ത്രം (വനിത), സംരംഭകത്വം, കൃഷി മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം 15 പേർക്കാണ് പുരസ്കാരം . സ്വയം അപേക്ഷ സമർപ്പിക്കുകയോ നാമനിർദ്ദേശം ചെയ്യുകയോ ആകാം.
ഈ വർഷം മുതൽ സംസ്ഥാന യുവജനക്ഷേമ ബോർഡിലെ മികച്ച യൂത്ത് കോ - ഓർഡിനേറ്റർക്ക് സംസ്ഥാന തലത്തിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അതത് മേഖലയിൽ വിദഗ്ദ്ധരുൾപ്പെടുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകും. ഒപ്പം സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവാ ക്ളബുകളിൽ നിന്നും പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ളബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. ജില്ലാ തലത്തിൽ അവാർഡിന് അർഹത നേടിയ ക്ളബുകളെയാണ് സംസ്ഥാനതലത്തിലേക്ക് പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ളബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കാലപരിധി 2019 ജനുവരി 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രസ്തുത തീയതിക്കുള്ളിൽ അപേക്ഷകൾ അതത് ജില്ലാ യുവജനകേന്ദ്രത്തിൽ ലഭിക്കേണ്ടതാണ്.
മാർഗ നിർദ്ദേശങ്ങളും അപേക്ഷാഫാറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ്.
(www.ksywb.kerala.gov.in) ഹെൽപ്പ് ലൈൻനമ്പർ : 0471 -2733139, 2733602, 2733777.