crime

കോട്ടയം: പടുതാക്കുളത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഉണ്ണിമായയുടെ തലയിൽ ആഴത്തിലുള്ള മുറിവ്. പോസ്റ്റുമോർട്ട പ്രാഥമിക റിപ്പോർട്ടിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് പൊലീസ് പടുതാക്കുളം വറ്റിച്ച് തെളിവുകൾ ശേഖരിച്ചു. പടുതാക്കുളത്തിന്റെ അടിയിൽ കരിങ്കല്ല് കഷണങ്ങൾ കിടപ്പുണ്ടായിരുന്നു. അതിൽ തലയിടിച്ചാവാം തല പൊട്ടിയതെന്നാണ് അനുമാനം. നെടുങ്കണ്ടം സി.ഐ റെജി കുന്നിപ്പറമ്പന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

നെടുങ്കണ്ടം കവുണ്ടി തുണ്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെ (22) തിങ്കളാഴ്ച രാത്രിയിൽ പത്തേകാലോടെയാണ് കിടക്കപ്പായിൽ നിന്ന് കാണാതായത്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാൻ കിടന്നുവെന്നും പത്തു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോൾ അവിടെ ഇല്ലായിരുന്നുവെന്നുമാണ് ഭർത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞത്. വിഷ്ണുവും ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45ഓടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് ഏറ്റുവാങ്ങി സംസ്‌കരിച്ചു.

ഉണ്ണിമായയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണിമായയുടെ പിതാവ് സംഭവദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.