കാസർകോട്: മഞ്ചേശ്വരത്ത് പോപ്പുലർ ഫ്രണ്ട് ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. അക്രമത്തിനിടയിൽ നാല് അയ്യപ്പ ഭക്തരായ ശബരിമല കർമ്മസമിതിക്കാർ ഉൾപ്പടെ ഒമ്പത് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ബന്തിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളും കർമ്മസമിതി പ്രവർത്തകരുമായ നിതേഷ്, ഗുണപാല ഷെട്ടി, ശരത്, രാജേഷ്, കടമ്പാർ സ്വദേശികളായ ഗുരുപ്രസാദ്, കിരൺ തുടങ്ങിയവർക്കാണ് വെട്ടേറ്റത്. സ്ഥലത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരാൾക്കും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയ്ക്ക് പോവുകയായിരുന്ന സ്വാമിമാരുടെ മൂന്ന് വാഹനങ്ങൾ അടിച്ച് തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. കുഞ്ചത്തൂരിൽ ഒരു കട തീവച്ച് നശിപ്പിച്ചു. കുമ്പള സി.ഐ കെ. പ്രേംസദൻ, മഞ്ചേശ്വരം എസ്.ഐ എം.പി. ഷാജി, കുമ്പള എസ്.ഐ ടി.കെ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് അക്രമ സംഭവങ്ങൾ ഒതുക്കിയത്. പുലർച്ചെ വരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സംഘർഷം അമർച്ച ചെയ്തത്. ബന്തിയോട് നാല് പേരെയും നായികാപ്പിൽ ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിലും മഞ്ചേശ്വരത്തുമായി പതിനഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു.