vs-sunilkumar

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശ്രീകോവിൽ അടച്ചിട്ട് ശുദ്ധിക്രിയ നടത്താൻ ക്ഷേത്രം തന്ത്രിക്ക് ആരാണ് അധികാരം നൽകിയതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ ചോദിച്ചു. സുപ്രീം കോടതി വിധി അംഗീകരിക്കാൻ തയ്യാറാകാത്ത തന്ത്രിയെ സ്ഥാനത്ത് നിന്നും ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മന്ത്രിസഭയ്‌ക്ക് ഏക അഭിപ്രായ അഭിപ്രായമാണുള്ളത്. തന്ത്രി നടത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ മന്ത്രിസഭ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ ശ്രീകോവിൽ അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തന്ത്രി നടത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കേസ് നൽകുമെന്നും ചില അഭിഭാഷകരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതി ഇക്കാര്യത്തിൽ വാദം കേൾക്കാൻ തയ്യാറായിരുന്നില്ല. അതേസമയം,​ ബോർഡുമായി ആലോചിക്കാതെ ശ്രീകോവിൽ അടച്ചിട്ടതിന് വിശദീകരണം തേടുമെന്ന് ദേവസ്വം ബോർഡ് അധികൃതരും അറിയിച്ചിട്ടുണ്ട്. എന്നാൽ തന്ത്രിക്കെതിരെ ഗുരുതരമായ നടപടികളിലേക്ക് കടക്കില്ലെന്നും വിശദീകരണം തേടുന്നതിൽ ഒതുക്കുമെന്നുമാണ് വിവരം.