തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. മരുന്ന് കഴിക്കുന്നതിലൂടെ മാത്രം രോഗം പരിഹരിക്കാമെന്നതു മിഥ്യാധാരണയാണ്. ദഹനസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ ഭക്ഷണം ക്രമീകരിച്ചാൽ ഇത്തരം പല രോഗങ്ങളിൽ നിന്നും ഒഴിവാകാൻ സാധിക്കും. ശരിയായ വ്യായാമമില്ലായ്മയും, വളരെ താമസിച്ചു മാത്രം ഉണർന്നെഴുന്നേൽക്കുന്നതും, അധികനേരവും ആലസ്യത്തോടെയുള്ള ഇരിപ്പും, അത്തരം ജോലികളും തൈറോയ്ഡ് രോഗത്തിന് കാരണമാകും എന്നതിനാൽ ചെയ്യുന്ന തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ലഘുവായ വ്യായാമക്രമങ്ങൾ ശീലിക്കണം.
രാവിലെ ആഹാരത്തിനു മുമ്പ് തൈറോക്സിൻ മരുന്നുകൾ കഴിക്കുന്നവർ ഉടനെ പാൽ ,ബിസ്കറ്റ്, മറ്റ് ആഹാരങ്ങൾ എന്നിവ കഴിക്കരുത്. മരുന്നിന്റെ ആഗിരണം കുറയും. സോയ, പാലുൽപന്നങ്ങൾ,കാൽസ്യം, അയൺ, അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയും തൈറോക്സിൻ ആഗിരണത്തെ കുറയ്ക്കും.
ശ്രദ്ധിക്കേണ്ടവ
അയഡിന്റെ ഉപയോഗം കൂട്ടണം. അതിനായിആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽമത്സ്യങ്ങൾ കഴിക്കണം. കല്ലുപ്പ് ഉപയോഗിക്കണം. എന്നാൽ മത്സ്യം കഴിക്കാത്തവർക്ക് അയഡിൻ ഉപ്പ് തന്നെ വേണ്ടിവരും .ഏതു ഉപ്പ് ആയാലും അത് തുറന്നു വച്ചാലോ സൂര്യപ്രകാശം തട്ടിയാലോ ഉപ്പിലുള്ള അയഡിന്റെ സാന്നിധ്യം കുറഞ്ഞുപോകും.
ഉപ്പ് ഇരുണ്ടനിറമുള്ള പ്ലാസ്റ്റിക് ടിന്നുകൾ,മൺപാത്രങ്ങൾ തടി പാത്രങ്ങൾ എന്നിവയിലോ ഇട്ട് മുറുക്കമുള്ള അടപ്പ് കൊണ്ട് അടച്ചുവയ്ക്കണം.പച്ചക്കറികൾ പ്രത്യേകിച്ചും അയഡിൻ സമ്പുഷ്ടമായ മണ്ണിൽ വിളഞ്ഞത് ,പഴം ,ചിക്കൻ,മത്തി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ ,ചെമ്മീൻ, ഞണ്ട് ,ക്യാരറ്റ്, അണ്ടിപ്പരിപ്പുകൾ, സ്ട്രോബറി ,അരി, ഗോതമ്പ്, ബാർലി ,കടല, ആട്ടിറച്ചി തുടങ്ങിയവ അയഡിൻ സമ്പുഷ്ടമായ ഭക്ഷണമായതിനാൽ തൈറോയിഡ് രോഗം ഒഴിവാക്കാനായി കഴിക്കാം.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സുഖകരമാക്കാൻ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാം.
പഞ്ചസാരയും ,കൃത്രിമ മധുരവും ,നിറങ്ങളും, കൃത്രിമ രുചിയും ചേർത്ത ഭക്ഷണം ,ഫാറ്റ് ഫ്രീ ,ഷുഗർ ഫ്രീ ,ലോഫാറ്റ് ഫുഡ് എന്നീ ലേബലുള്ള ഭക്ഷണങ്ങൾ, കടുക്, ചോളം ,മധുരക്കിഴങ്ങ്, മരച്ചീനി ,ക്യാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികൾക്ക് നല്ലതല്ല.
എന്നാൽ നന്നായി വേവിച്ചാൽ കാബേജും കോളിഫ്ലവറും കഴിക്കാം. കപ്പ അഥവാ മരച്ചീനി നന്നായി വേവിച്ചത് കടൽ മത്സ്യം ചേർത്താണ് കഴിക്കുന്നതെങ്കിൽ കുഴപ്പമില്ല.
ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ
ഓഫീസർ
ഗവ.ആയുർവേദ
ഡിസ്പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ:9447963481