വാഷിംഗ്ടൺ: അമേരിക്കൻ നടിയും ടെലിവിഷൻ താരവുമായ കിം കർദിഷിയാൻ നാലാമതും അമ്മയാവുന്നു. ഇൗ വർഷംതന്നെ അത് സംഭവിക്കും. മിക്കവാറും അത് മേയ് മാസത്തിൽ ആയിരിക്കും. അമേരിക്കൻ മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ഇക്കാര്യം കിമ്മോ അടുപ്പക്കാരോ സ്ഥിരീകരിച്ചിട്ടില്ല.
വാടക ഗർഭത്തിലൂടെയാണ് മുപ്പത്തെട്ടുകാരി കിം വീണ്ടും അമ്മയാവുന്നത്. പ്രസവിക്കാൻ അവർക്ക് തീരെ താൽപ്പര്യമില്ല. ഇൗ പ്രായത്തിലും ശരീരം സുന്ദരമായി സംരക്ഷിക്കാൻ കഴിയുന്നത് അതിനാലാണെന്നാണ് അവരുടെ അവകാശവാദം.
കിമ്മിന്റെ അണ്ഡവും ഭർത്താവ് കൻയി വെസ്റ്റിന്റെ ബീജവുമാണ് വാടക ഗർഭത്തിൽ ഉപയോഗിച്ചത്. എന്നാൽ വാടക അമ്മയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
നാലാമത്തെ കുട്ടി വേണമെന്നത് കിമ്മിന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു. ഭർത്താവിനും ഇക്കാര്യത്തിൽ എതിർപ്പില്ലായിരുന്നു.
അതോടെ വാടക അമ്മയെ കണ്ടുപിടിച്ച് കാര്യങ്ങൾ എല്ലാം ഒാ.കെയാക്കി. വൻതുകയാണ് ഇതിനായി ചെലവാക്കിയതെന്നാണ് റിപ്പോർട്ട്. അഞ്ചാമത്തെ കുട്ടിയെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് നടിയുടെ അടുപ്പക്കാരിൽ ചിലർ പറയുന്നത്.
പ്രശസ്ത അമേരിക്കൻ റാപ്പ് ഗായകനും സംഗീത സംവിധായകനും ഫാഷൻ ഡിസൈനറുമാണ് കൻയി വെസ്റ്റ്. 21 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം ഇൗ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായാണ് കണക്കാക്കുന്നത്.ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം 2005, 2015 വർഷങ്ങളിൽ ടൈം മാഗസിന്റ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.