തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെയുള്ള റിവ്യൂ ഹർജി സുപ്രീംകോടതി തള്ളിയാൽ കേന്ദ്ര സർക്കാർ ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുമെന്ന് സൂചന. ഇക്കാര്യത്തിൽ കേരളത്തിലെ സംഘപരിവാർ നേതാക്കൾ ബി.ജെ.പി - ആർ.എസ്. എസ് കേന്ദ്രനേതൃത്വം വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയതായി അറിയുന്നു. തുടർന്നാണ് വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നതത്രേ. 22നാണ് സുപ്രീംകോടി റിവ്യൂ ഹർജികൾ പരിഗണിക്കുന്നത്.
യുവതീ പ്രവേശനത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരത്തെ പരോക്ഷമായി ന്യായീകരിച്ചുള്ളതായിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്താ ഏജൻസിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി നൽകിയ അഭിമുഖത്തിലെ അഭിപ്രായ പ്രകടനം. റിവ്യൂ ഹർജിയിൽ കോടതി വിധി അനുകൂലമാവും എന്ന പ്രതീക്ഷയാണ് കേരളത്തിലെ സംഘപരിവാർ നേതാക്കൾ വച്ചുപുലർത്തുന്നത്. വിധി എതിരാവുകയാണെങ്കിൽ ഓർഡിനൻസ് ഇറക്കാം എന്ന് കേന്ദ്രത്തിൽ നിന്ന് ഇവിടത്തെ നേതാക്കൾക്ക് ഉറപ്പുകിട്ടിയതായും സൂചനയുണ്ട്.
Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!
അതേസമയം സാങ്കേതികവും നിയമപരവുമായുള്ള ചില കടമ്പകൾ ഓർഡിനൻസിനുണ്ടാവുമെന്നാണ് ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അത് മറികടക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്നു എന്നാരോപിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരെ ഇടതുപക്ഷം പ്രചാരണം നടത്തുകയാണെങ്കിൽ അതിനെതിരെയും സംഘപരിവാർ രംഗത്തെത്തും. വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാൻ വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗിച്ചത് പ്രചരിപ്പിക്കാനാണ് സംഘപരിവാർ സംഘടനകളുടെ നീക്കം. പൊലീസ് ഇവരെ കേരളത്തിന് പുറത്തു കൊണ്ടുപോയി താമസിപ്പിച്ചു എന്നത് പ്രചരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.
സർക്കാർ ശബരിമലയെ തകർക്കാനും വിശ്വാസികളെ അവഹേളിക്കാനും ബോധപൂർവം ശ്രമിക്കുകയാണെന്നുമായിരിക്കും പ്രചാരണം. വനിതാ മതിലിനെ അനുകൂലിച്ചവർ പോലും വിശ്വാസികളല്ലാത്ത രണ്ടു യുവതികളെ കയറ്രിയതിനെ എതിർക്കുന്നതും ശബരിമല പ്രതിഷേധക്കാർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. വരും ദിവസങ്ങളിലും യുവതികളെ പ്രവേശിപ്പിക്കാൻ നീക്കമുണ്ടായാൽ ഏത് വിധേയനയും ചെറുക്കാനാണ് സംഘപരിവാർ നീക്കം.